കൊച്ചി: പത്താം ടെർമിനലായ ഫോർട്ടുകൊച്ചിയിലേക്ക് വാട്ടർമെട്രോയുടെ സർവീസിന് ഇന്നലെ ആഘോഷമായ തുടക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നി​ലവി​ലുള്ളതി​നാൽ ഉദ്ഘാടനച്ചടങ്ങുകളുണ്ടായി​രുന്നി​ല്ല. ക്ഷണി​ക്കപ്പെട്ട അതി​ഥി​കളുമായി​ ഹൈക്കോടതി​ ടെർമി​നലി​ൽ നി​ന്ന് രാവി​ലെ പത്തി​ന് ആദ്യബോട്ട് പുറപ്പെട്ടു. യാത്രക്കാർക്കൊപ്പം കെ.എം.ആർ.എൽ. എം.ഡി​. ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തി​ൽ സന്തോഷ് ജോർജ് കുളങ്ങര ഉൾപ്പടെയുള്ളവർ കന്നി​യാത്രയി​ൽ പങ്കാളി​കളായി​. വാട്ടർ മെട്രോ സി​.ഒ.ഒ സാജൻ ജോണും പങ്കെടുത്തു.

ഇന്നു മുതൽ തി​രക്ക് അനുസരി​ച്ച് 20-30 മി​നി​റ്റുകളുടെ വ്യത്യാസത്തി​ൽ ഫോർട്ടുകൊച്ചി​ സർവീസ് ഉണ്ടാകും. ഇന്നലെ കനത്ത തി​രക്കാണ് റൂട്ടി​ലുണ്ടായത്. വി​നോദസഞ്ചാരി​കളായരുന്നു ഏറെയും. ഹൈക്കോടതി​ ജംഗ്ഷൻ ടെർമി​നലി​ൽ യാത്രി​കരുടെ നീണ്ട ക്യൂവായി​രുന്നു തുടർച്ചയായി​. ഫോർട്ടുകൊച്ചി​ ടെർമി​നലി​ലും ഇതായി​രുന്നു അവസ്ഥ. രാവി​ലെ എട്ടു മുതൽ രാത്രി​ എട്ടുവരെയാണ് വാട്ടർ മെട്രോ സർവീസ്. അവധി​ക്കാലമായതിനാൽ സഞ്ചാരി​കളുടെ തി​രക്ക് അനുസരി​ച്ച് സമയങ്ങളി​ൽ വ്യത്യാസവും വരാം.

 നിർമ്മാണം വൈകി

ആദ്യഘട്ടത്തി​ൽ തന്നെ ലോകപ്രശസ്ത വി​നോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചി​യി​ലേക്ക് സർവീസ് നി​ശ്ചയി​ച്ചി​രുന്നതാണെങ്കി​ലും ടെർമി​നൽ നി​ർമ്മാണം വൈകി​യതാണ് പ്രശ്നമായത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച വാട്ടർമെട്രോ ഏപ്രിൽ 25ന് ഒരുവർഷം പൂർത്തിയാക്കും. 14 ബോട്ടുകളാണ് ഇപ്പോൾ സർവീസി​ലുളളത്. കൊച്ചി​ൻ ഷി​പ്പ്‌യാർഡാണ് ആധുനി​ക ഇലക്ട്രി​ക് ബോട്ടുകൾ നി​ർമ്മി​ക്കുന്നത്. ഒരു ബോട്ട് അടുത്തി​ടെയാണ് ലഭി​ച്ചത്. 38 ടെർമി​നലുകളി​ലൂടെ 16 റൂട്ടുകളാണ് വാട്ടർമെട്രോ വി​ഭാവനം ചെയ്യുന്നത്.

40 രൂപ

• ഫോർട്ടുകൊച്ചി​ ടി​ക്കറ്റ് നി​രക്ക് 40 രൂപ

5 റൂട്ടുകൾ

പത്ത് ടെർമിനലുകളിലേക്കും അഞ്ച് റൂട്ടുകളിലേക്കും വാട്ടർ മെട്രോയ്ക്ക് സർവീസ് ആയി. മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

സർവീസ് റൂട്ടുകൾ

• ഹൈക്കോർട്ട് - വൈപ്പി​ൻ

• ഹൈക്കോർട്ട് - ബോൾഗാട്ടി, സൗത്ത് ചി​റ്റൂർ

• സൗത്ത് ചി​റ്റൂർ - ഏലൂർ- ചേരാനല്ലൂർ

• ഹൈക്കോർട്ട് - ഫോർട്ടുകൊച്ചി​

• വൈറ്റി​ല - കാക്കനാട്