കൂത്താട്ടുകുളം: ഇടുക്കി പാർലമെന്റ് മണ്ഡലം പാലക്കുഴ പഞ്ചായത്തിലെ സെൻട്രൽ കവലയിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് കത്തിച്ചതായി പരാതി. രണ്ടാഴ്ച മുമ്പ് നിർമ്മിച്ച താത്ക്കാലിക ഷെഡിനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീപിടിച്ചത്. മൂവാറ്റുഴ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹനന്റെ സ്ഥലത്തായിരുന്നു ഓഫിസ്. സംഭവത്തിൽ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അരുൺ പി. മോഹൻ പറഞ്ഞു. ബി.ജെ.പി നേതാക്കളായ അജീഷ് തങ്കപ്പൻ, ടി. ചന്ദ്രൻ, കെ.എം. ഷിനിൽ,അജിത് വി. ഗോവിന്ദ്, സുജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. പൊലീസും, ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.