കൊച്ചി: വോട്ടെടുപ്പിന് മുമ്പുള്ള അവസാന ഞായർ ദിനത്തിൽ പരമാവധി വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു ചാലക്കുടിയിലെ സ്ഥാനാർത്ഥികൾ. വീടുകൾ കയറി നേരിട്ട് വോട്ടഭ്യർത്ഥിക്കാൻ പ്രവർത്തകരും ഇറങ്ങിയതോടെ പ്രചാരണച്ചൂട് മൂർദ്ധന്യത്തിലെത്തി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെല്ലാം തിരഞ്ഞെടുപ്പാവേശവും വർദ്ധിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ 15 ദിവസം നീണ്ട രണ്ടാം ഘട്ട പൊതുപര്യടനം കൈപ്പമംഗലത്ത് സമാപിച്ചു. കുന്നത്തുനാട് ചേലക്കുളത്താണ് പര്യടനം ആരംഭിച്ചത്. രണ്ടാംഘട്ടത്തിൽ മികച്ച പ്രതികരണമായിരുന്നു ഓരോ ദിവസം ലഭിച്ചതെന്ന് സ്ഥാനാർത്ഥിയും എൽ.ഡി.എഫും വിലയിരുത്തുന്നു. നവകേരളം പദ്ധതിയുടെ ചുവടുപിടിച്ച് രവീന്ദ്രനാഥ് ആവിഷ്‌കരിച്ച നവ ചാലക്കുടി പദ്ധതിയും പ്രചാരണത്തിലെ പ്രധാന വിഷയമാണ്. നിവേദനങ്ങളുമായിട്ടായിരുന്നു പ്രൊഫ. രവീന്ദ്രനാഥിനെ വോട്ടർമാർ സമീപിച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ ആലുവയിലെ പര്യടനം പൂർത്തിയായി. നെടുമ്പാശ്ശേരി മള്ളുശേരിയിൽ ആരംഭിച്ച് കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. രണ്ടാമൂഴത്തിന് മത്സരിക്കുന്ന ബെന്നിയ്ക്ക് എല്ലാ കോണുകളിൽ നിന്നും ഊഷ്മളമായ വരവേൽപ്പ് ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇന്ന് എറിയാട് ബ്ലോക്കിൽ അഴീക്കോട് കൊട്ടിക്കൽ, എടവിലങ്ങ്, എസ്.എൻ പുരം, കോതപറമ്പ് മേഖലകളിൽ പര്യടനം നടത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. മുനക്കൽ ബീച്ച് സുനാമി കോളനി ജംഗ്ഷനിൽ ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് ഉദ്ഘാടനം ചെയ്തു, കണ്ണേരിചാൽ, ശിവജി നഗർ, ദ്വാരക, പഞ്ചായത്ത് കുളം, നടവരമ്പ് സെന്റർ, അഞ്ചങ്ങാടി, അമ്പലനട തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി ചെന്ത്രാപ്പിള്ളി നഗറിൽ സമാപിച്ചു. ഇന്ന് ആലുവ മണ്ഡലത്തിൽ പര്യടനം നടക്കും
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കൈപ്പമംഗലത്ത് പര്യടനം നടത്തി. മൂന്നാംഘട്ട പര്യടനം രവിശങ്കർ ഉദ്ഘാടനം ചെയ്തു. എടതുരുത്തി, ആലുവ തെരുവ്, ചെന്ത്രാപ്പിന്നി, പൊക്ല, ചെളിങ്ങാട്, പള്ളിവളവ് എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു.