
കൊച്ചി:'റോബിൻഹുഡ്' എന്ന സിനിമ 2008ൽ സംവിധാനം ചെയ്യുമ്പോൾ ജോഷി ചിന്തിച്ചുകാണില്ല, അങ്ങനെയൊരു പെരുങ്കള്ളൻ തന്റെ വീട്ടിൽ കയറുമെന്ന്. സിനിമയിലെ നായകൻ എ.ടി.എമ്മിൽ നിന്ന് പണം അപഹരിച്ച് തന്നോട് അനീതി കാട്ടിയവരോട് പ്രതികാരം ചെയ്യുകയായിരുന്നു.
13 സംസ്ഥാനങ്ങളിലായി നാല്പതിലേറെ കവർച്ചക്കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാൻ മോഷണപ്പണം നാട്ടുകാരുടെ ആവശ്യമറിഞ്ഞ് വാരിക്കോരി നൽകുന്നയാളാണ്. സൂപ്പർ ചോർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരുകളും മുഹമ്മദ് ഇർഫാനുണ്ട്. നാട്ടുകാരുടെ ഹീറോയാണ്.
സമ്പന്നവീടുകളും സ്ഥാപനങ്ങളും മാത്രമേ ലക്ഷ്യമിടൂ. 2021 ഏപ്രിൽ 14ന് തിരുവനന്തപുരത്ത് പ്രമുഖ ജുവലറിയുടമയുടെ വീട്ടിലെ കവർച്ചയിലൂടെയാണ് ഇയാളുടെ പേര് കേരള പൊലീസിന്റെ രേഖയിൽ പതിയുന്നത്. അന്ന് രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു. അടുത്ത മാസം മറ്റൊരു കേസിൽ ഗോവയിൽ പിടിയിലായി. കൊവിഡ് വ്യാപനമായതിനാൽ കേരള പൊലീസിന് കസ്റ്റഡിയിൽ കിട്ടിയില്ല. നാല് മാസം മുമ്പാണ് ജയിൽമോചിതനായതെന്ന് അറിയുന്നു.
2010ലാണ് ആദ്യ മോഷണം. ഡൽഹി ന്യൂ ഫ്രണ്ട് കോളനിയിലെ കവർച്ചക്കേസിൽ 2013ൽ ആദ്യമായി അറസ്റ്റിലായി. ഡൽഹി, ബംഗാൾ ജയിലുകളിൽ തടവ്. പിന്നീട് ഡൽഹി. ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സമ്പന്ന കോളനികളിൽ ബീഹാർ റോബിൻഹുഡ് വിളയാടി.
ഭാര്യ ജില്ലാ പഞ്ചായത്ത് അംഗം
ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി ജില്ലാ പഞ്ചായത്ത് അംഗമാണ്. ജില്ലാ പഞ്ചായത്തിന്റെ ബോർഡ് വച്ച കാറുമായാണ് ഇർഫാൻ കൊച്ചിയിൽ എത്തിയത്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയിച്ച് വിവാഹിതരായതാണ്. ഹോട്ടലും തുണിക്കടയും നടത്തി പൊളിഞ്ഞ ശേഷം കവർച്ചയ്ക്ക് ഇറങ്ങി. ഇർഫാന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കവർച്ചമുതലിൽ നിന്ന് ഒരുകോടി മുടക്കി സ്വന്തം ഗ്രാമമായ ജോഗിയയിൽ ഏഴു റോഡുകളും ഇർഫാൻ നിർമ്മിച്ചു. കട്ടെടുക്കുന്ന പണത്തിന്റെ 20 ശതമാനം ചികിത്സാ, വിവാഹ ധനസഹായത്തിനായി നൽകിയിരുന്നു.