മൂവാറ്രുപുഴ : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ പര്യടനത്തിന് ആവേശകരമായ സ്വീകരണം ഒരുക്കി അഞ്ചുനാട്. രാവിലെ 7ന് കാന്തല്ലൂരിൽ നിന്നും ആരംഭിച്ച പര്യടനത്തിന് എ .എസ്. ശ്രീനിവാസൻ തുടക്കം കുറിച്ചു. ആദിവാസി മേഖലയിൽ വമ്പൻ സ്വീകരണം ഒരുക്കിയാണ് കാടിന്റെ മക്കൾ ജോയ്സിനെ എതിരേറ്റത്. കീഴാന്തൂരിൽ നിന്നും ആരംഭിച്ച ബൈക്ക് റാലിയോടെ ചുരക്കുളം മല പുലയ കോളനിയിൽ എത്തിയ ജോയ്സിനെ പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും താളമേളത്തോടെ നൃത്തം ചെയ്തുമാണ് സ്വീകരിച്ചത്. കുടിയിലെ കോവിലിൽ പൂജ നടത്തി സ്ഥാനാർഥിക്ക് തിലകം അണിയിച്ചു. ദണ്ഡുകൊമ്പ് കുടിയിലെ നൂറ് കണക്കിന് ആളുകൾ ജോയ്സിനായി കുലവയാട്ടം അവതരിപ്പിച്ച് പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി
ജോയ്സ് ജോർജ് ഇന്ന് കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തും. രാവിലെ 7 ന് കോതമംഗലം തടത്തിക്കവലയിൽ നിന്ന് പര്യടനത്തിന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂർ പൊന്നരിക്കാപറമ്പിൽ നിന്നും ആരംഭിച്ച് കുര്യൻമലയിൽ സമാപിക്കും. ചൊവ്വാഴ്ച ദേവികുളം മണ്ഡലത്തിലാണ് പര്യടനം.