 
മൂവാറ്റുപുഴ: വിദ്യാർത്ഥികൾക്ക് അവധിക്കാലം അറിവിന്റെയും കരുതലിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഭാഗമാക്കി മാറ്റാൻ പഠന ക്യാമ്പുമായി മൂവാറ്റുപുഴ ജനമൈത്രി പൊലീസ്. പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'ലെസിയം 2024 ക്യാമ്പ് ' ഡിവൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ബി.കെ. അരുൺ അദ്ധ്യക്ഷനായി. പി.ആർ.ഒ അസി. സബ് ഇൻസ്പെക്ടർ സിബി അച്യുതൻ വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ടി.ബി സന്തോഷ്, ഹെഡ്മിസ്ട്രസ് ഷൈല കുമാരി, പി.ടി.എ പ്രസിഡന്റ് ഹസീന ആരിഫ്, സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാജു, എം.എം. ഉബൈസ് എന്നിവർ പ്രസംഗിച്ചു. എന്റെ ശരീരം എന്റെ അവകാശം എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ ശാന്തി.കെ ബാബു. സ്ട്രെസ് ആൻഡ് ആർട്ട് എന്ന വിഷയത്തിൽ ഡോ. ജാക്സൺ തോട്ടുങ്കൽ, സൈബർ സ്പേസിൽ സൈബർ വിദഗ്ധനും, സീനിയർ സി.പി.ഒയുമായ പി.എം. തൽഹത്ത്, മധുരം മലയാളത്തിൽ എൻ.സി. വിജയകുമാർ, അപകടങ്ങളിൽ പതറരുത് എന്ന വിഷയത്തിൽ ഫയർ ഫോഴ്സിലെ സി.എ. നിഷാദ്, എം.എൻ. അയൂബ് എന്നിവർ ക്ലാസെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോ. ജിജി. കെ. ജോസഫ് പ്രശ്നോത്തരി നടത്തി. ഇൻസ്പെക്ടർ ബി.കെ. അരുൺ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു. ക്യാമ്പിൽ നൂറ്റിയമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.