കൊച്ചി: സ്മാർട്ട് കൊച്ചിയിലെ പാർക്കുകൾ സൂപ്പർ സ്മാർട്ട് ആവുകയാണ്. ചൂടിൽ നിന്ന് ആളുകൾക്ക് രക്ഷനേടാനുള്ള വലിയൊരു ഇടമായി പാർക്കുകൾ മാറിയതോടെ നവീകരണപദ്ധതികൾ പുരോഗമിക്കുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യഘട്ടത്തിൽ 11 കോടി രൂപയുടെ നവീകരണമാണ് പാർക്കുകളിൽ നടന്നത്.
പി.ജെ ആന്റണി ഗ്രൗണ്ട്, ഫോർട്ട് കൊച്ചി കുട്ടികളുടെ പാർക്ക്, സമോസ പാർക്ക്, താമരക്കുളം പാർക്ക് തുടങ്ങിയവയിൽ നവീകരണം പുരോഗമിക്കുന്നു. ജി.സി.ഡി.എയുടെ ചങ്ങമ്പുഴ പാർക്കിന്റെ നവീകരണവും അവസാനഘട്ടത്തിലാണ്. ജി സ്മാരകത്തിന്റെ പൂർത്തീകരണത്തിനും ഈ ഫണ്ടാണ് ഉപയോഗിച്ചത്. സ്മാർട്ട് സിറ്റി മിഷൻ പൂർത്തിയാകുമ്പോൾ നഗരത്തിലെ പാർക്കുകൾ മികവുറ്റതാകുമെന്ന് മേയർ അറിയിച്ചു. നഗരഹൃദയത്തിലെ സുഭാഷ് പാർക്ക് ഏറ്റവും ഭംഗിയായാണ് സംരക്ഷിക്കുന്നത്. തുറസായ സ്ഥലങ്ങൾ നവീകരിക്കുന്നതിന് 4.07 കോടി രൂപ ചെലവാക്കിയിട്ടുണ്ട്.
സെന്റ് ഫ്രാൻസിസ് ചർച്ച്, പട്ടാളം ഗ്രൗണ്ട് ജെയിൽ മ്യൂസിയം, മട്ടാഞ്ചേരി മൈതാനം, കരിപ്പാലം ഗ്രൗണ്ട് തുടങ്ങിയവയാണ് നവീകരിച്ചത്. മറൈൻഡ്രൈവ് നടപ്പാത വികസിപ്പിക്കാൻ 10.79 കോടി രൂപ ചെലവഴിച്ചു.
ഡച്ച് പാലസിന്റെ മുൻവശം, വാസ്‌കോ സ്‌ക്വയർ തുടങ്ങിയവയും നവീകരിച്ചു. ആകെ 65 കോടി രൂപയാണ് ചെലവഴിച്ചത്.
പി.ജെ. ആന്റണി ഗ്രൗണ്ട്
സി.എസ്.എം.എൽ 5.90 ലക്ഷം രൂപ നൽകിയാണ് പച്ചാളം പി.ജെ.ആന്റണി ഗ്രൗണ്ട് നവീകരിക്കുന്നത്. പകൽവീട്, ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, എ.ഡി.എസ് ഹാൾ എന്നിവയാണ് ഗ്രൗണ്ടിൽ ആരംഭിക്കുന്നത്.
ചങ്ങമ്പുഴപാർക്ക്
ജി.സി.ഡി.എയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്ക് പുനരുദ്ധാരണം അവസാനഘട്ടത്തിലാണ്. മേയിൽ തുറക്കും. നാശോന്മുഖമായ പാർക്കിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് നടപ്പാക്കുന്നത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനൊപ്പം നടപ്പാതകൾ മോടി പിടിപ്പിക്കും. പാർക്കിന്റെ നടത്തിപ്പ് ചുമതല ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിനാണ്. സ്റ്റേജുകൾ നവീകരിക്കുന്നതിനൊപ്പം പുതിയ സ്റ്റേജും നിർമ്മിക്കുന്നുണ്ട്. 3.5 കോടിയാണ് ചെലവ്.