ആലുവ: അശോകപുരം ഗാന്ധിനഗറിൽ കാവിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വലിയ ഗുരുതി മഹോത്സവം ഇന്ന് മുതൽ ഏപ്രിൽ 25 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ടി.വി. തങ്കച്ചൻ, സെക്രട്ടറി ബാജി കൃഷ്ണൻ, കൺവീനർ കെ.ആർ. പവിത്രൻ എന്നിവർ അറിയിച്ചു.

ക്ഷേത്രം മേൽശാന്തി ഘടനാനന്ദനാഥ പാദതീർത്ഥരുടെയും മേൽശാന്തി പറവൂർ മിഥുൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാകും ചടങ്ങുകൾ. ഇന്ന് പുലർച്ചെ നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. 8.30ന് ശ്രീകുമാരധർമ്മശാസ്ത നാരായണീയ സമിതി നയിക്കുന്ന നാരായണീയം, വൈകിട്ട് ദീപാരാധനക്ക് ശേഷം മഹാഗണപതിങ്കൽ അപ്പംമൂടൽ, രാത്രി 7ന് തിരുവാതിരകളി, കൈകൊട്ടിക്കളി, നൃത്താർച്ചന.

നാളെ രാവിലെ 9ന് അഷ്ടാഭിഷേകം, വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖ അങ്കണത്തിൽ നിന്നും താലംവരവ്. തുടർന്ന് ദീപാരാധനക്ക് ശേഷം തിരുവാതിരകളി, കൈകൊട്ടിക്കളി, രാത്രി 8ന് അഷ്ടനാഗക്കളം, അന്നദാനം എന്നിവ നടക്കും. 25ന് രാവിലെ എട്ടിന് ശീവേലി, 11.30ന് ആനയൂട്ട്, അന്നദാനം. വൈകിട്ട് 5ന് മനക്കപ്പടി മഹാദേവ ക്ഷേത്രത്തിൽ നിന്നും താലം വരവ്. തുടർന്ന് കോളനിപ്പടിയിൽ ഗജവീരന്മാരുടെ അകമ്പടിയോടെ പകൽപ്പൂരത്തിന് തുടക്കമാകും.

രാത്രി 8.30ന് വിശേഷാൽ ദീപാരാധന, 9.30ന് ഭക്തിഗാനമേള. തുടർന്ന് തായമ്പക, 12.30ന് കാവിലമ്മയ്ക്ക് മഹാഗുരുതി, മംഗളപൂജ എന്നിവ നടക്കും.