ആലുവ: ഗ്രാമീണ മേഖലകളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിക്കതും സാധാരണ ദിവസങ്ങളിൽ അവസാന ട്രിപ്പുകളും ഞായറാഴ്ചകളിൽ പൂർണമായും സർവീസ് ഒഴിവാക്കുന്നത് യാത്രക്കാരെ വലക്കുന്നുവെന്ന് പരാതി.
കീഴ്മാട്, മഞ്ഞുമ്മൽ, എടയാർ, എൻ.എ.ഡി, പേങ്ങാട്ടുശേരി, കുറുമശേരി റൂട്ടുകളിലോടുന്ന ബസുകളാണ് പെർമിറ്റ് ലംഘനം നടത്തുന്നവയിൽ ഏറെയും. ഇതേതുടർന്ന് ആലുവയിൽ ബസുകൾ കാത്തു നിൽക്കുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. വൈറ്റില - ആലുവ റൂട്ടിൽ ബസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ കളമശേരിയിൽ സർവീസ് അവസാനിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.
കടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളെക്കുറിച്ചും പരാതികൾ വ്യാപകമാണ്. എടയാർ ബസുകൾ പലപ്പോഴും ആലുവ ബസ് സ്റ്റാൻഡിൽ കയറുന്നില്ല. പ്രവേശന കവാടത്തിൽ നിൽക്കുന്നവരെ കയറ്റിയാണ് പോകുന്നത്. സ്റ്റാൻഡിന് അകത്തു നിൽക്കുന്ന സ്ത്രീകളടക്കമുള്ളവർ ഇതറിയാതെ ബസ് കാത്തു നിൽക്കുകയാണ്.
മഞ്ഞുമ്മൽ വഴി എറണാകുളത്തേക്ക് പോകുന്ന ബസുകൾ ഉച്ചയായാൽ പാതാളത്ത് സർവീസ് അവസാനിപ്പിക്കും. മതിയായ യാത്രക്കാരില്ലെന്ന് പറഞ്ഞാണിത്. ഏലൂർ എന്ന് ബോർഡ് വയ്ക്കുമെങ്കിലും യാത്ര പാതാളത്ത് അവസാനിപ്പിക്കുന്നതും യാത്രക്കാർക്ക് ദുരിതമാണ്. സന്ധ്യ കഴിഞ്ഞാൽ ഈ മേഖല വഴി ആലുവ യ്ക്ക് ബസുമില്ല.
നഗരത്തിലേക്ക് വരുന്ന എറണാകുളം, കടുങ്ങല്ലൂർ ബസുകൾ നഗരം ചുറ്റാതെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ജില്ലാശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ടവരെ ബൈപാസിൽ ഇറക്കി മറ്റ് ബസുകളിൽ കയറ്റി വിടും. സ്വകാര്യ ബസുകളുടെ ഇത്തരം പെർമിറ്റ് ലംഘനങ്ങളിൽ അധികൃതരുടെ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗ്രാമീണ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ പെർമിറ്റ് ലംഘനം നടത്തുന്നമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ വലയുകയാണ്. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഫലപ്രദമായി ഇടപെടണം.
വി.ടി. സതീഷ്
പ്രസിഡന്റ്,
കേരള സാംസ്കാരിക പരിഷത്ത്, ആലുവ.
സർവീസ് മുടക്കും, സ്റ്റാൻഡിലും കയറില്ല
കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് രാത്രി സർവീസ് മുടക്കം ഗതാഗത വകുപ്പിന്റെ പരിശോധന കുറഞ്ഞതോടെ ബസുകൾ രാത്രി ആലുവ സ്റ്റാൻഡിലേക്കും കയറുന്നില്ല എതിർപ്പ് പ്രകടിപ്പിക്കുന്ന യാത്രക്കാർക്ക് ബസ് ജീവനക്കാരുടെ ഭീഷണി പതിവ് യാത്രക്കാരെ ബസിൽ പൂട്ടിയിട്ടു പോയ സംഭവവും ഉണ്ടായിമുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമയക്രമം കാണിക്കുന്ന ബോർഡില്ല അന്വേഷണ കൗണ്ടർ തുറക്കുന്നത് വല്ലപ്പോഴും മാത്രം