അങ്കമാലി: അങ്കമാലി അർബൻ സഹകരണസംഘത്തിലെ നിക്ഷേപകർക്ക് ഇന്നലെമുതൽ നിക്ഷേപം തിരിച്ച് നൽകിത്തുടങ്ങി. 2020ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകളാണ് ഇന്നലെ പരിഗണിച്ചത്. 2021ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ ഇന്ന് പരിഗണിക്കും. 2022ൽ കാലാവധി കഴിഞ്ഞിട്ടുള്ളവർക്ക് നാളെയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് അപേക്ഷകളും പരിഗണിക്കും. ഡെയ്ലി ഡെപ്പോസിറ്റ് ഉള്ളവരുടെ അപേക്ഷകളും ഇന്നലെ പരിഗണിച്ചിരുന്നു.
നിക്ഷേപം തിരിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.ജി. രാജപ്പൻനായർ നിർവഹിച്ചു. ഭരണസമിതിഅംഗം എൽസി വർഗീസ്, സെക്രട്ടറി ഡാർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മുൻഗണനാ ക്രമത്തിൽ ഒരുദിവസം 25പേർക്കാണ് നിക്ഷേപം തിരിച്ച് നൽകിക്കൊണ്ടിരിക്കുന്നത്.
നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപരസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണം. ഒറിജിനൽ രസീത് തിരികെ നൽകും.