കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഇർഫാന് പനമ്പിള്ളിനഗറിലേക്ക് വഴികാട്ടിയത് ഗൂഗിൾ. കവർച്ചയ്‌ക്കായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ അതിസമ്പന്നർ താമസിക്കുന്ന മേഖല ഗൂഗിൾ ചെയ്ത് കണ്ടെത്തും. കവർച്ചയ്ക്ക് മണിക്കൂറുകൾക്കു മുമ്പ് സ്ഥലത്തെത്തി ഗൂഗിളിൽ നിന്ന് ലഭിച്ച വിവരം ശരിയെന്ന് ഉറപ്പിക്കും. തുടർന്നാണ് ഓപ്പറേഷൻ. കാറിലാണ് വരവും പോക്കും. ആഡംബര വീടുകൾ മാത്രമേ കവർച്ച ചെയ്യൂ. ഏഴ് സംസ്ഥാനങ്ങളിലായി 40ലേറെ കവർച്ച നടത്തിയത് ഈ വിധമായിരുന്നു എന്നാണ് ഇർഫാന്റെ മൊഴി. കവർച്ചയ്‌ക്കിടെ വീട്ടുകാരെ ആക്രമിക്കുന്ന ശീലം ഇയാൾക്കില്ല.

പ്രതിയുടെ മൊബൈൽ ഫോൺ ഇന്ന് ഫോറൻസിക് ലാബിന് കൈമാറും. മൊബൈലിൽ നിന്ന് മറ്റ് കവർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.