ayisha
ആയിഷ

നെടുമ്പാശേരി: എട്ട് പതിറ്റാണ്ടിലേറെയായിട്ടും മുടങ്ങാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തിരുന്ന 99കാരി ചെങ്ങമനാട് കരിയംപിള്ളി ആയിഷ ഇക്കുറി വോട്ട് രേഖപ്പെടുത്താനാകുമോയെന്ന ആശങ്കയിൽ.

തന്റെ വോട്ട് നഷ്ടമാകമോ എന്നത് ആയിഷയ്ക്ക് വാർദ്ധക്യത്തിന്റെ അവശതയേക്കാൾ നൊമ്പരമായി. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കിയെങ്കിലും ആയിഷക്ക് ലഭിച്ചില്ല. വാർഡിൽ നിന്നും 14 പേരുടെ വിവരങ്ങൾ കൈമാറിയെങ്കിലും മൂന്നുപേർ മാത്രമാണ് വീട്ടിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. ഈ മൂന്നു പേരിൽ മറ്റൊരു ആയിഷയുമുണ്ട്.

37 വർഷം മുമ്പ് ഭർത്താവ് ബാവ സാഹിബ് മരണപ്പെട്ട ശേഷം മക്കൾക്കൊപ്പമായിരുന്നു ആയിഷ വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയിരുന്നത്. ഇതുവരെ വോട്ട് നഷ്ടപ്പെടുത്തിയിട്ടുമില്ല. കിടപ്പ് രോഗിയായി മാറിയപ്പോഴും പേരമക്കളുടെ സഹായത്തോടെ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും ചെങ്ങമനാട് സ്‌കൂൾ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഓർമ്മകൾക്ക് പൂർണമായ മങ്ങൽ ഏറ്റിട്ടില്ല എന്നത് മാത്രമാണ് പ്രതീക്ഷ. ചെറിയ പെരുന്നാളിന് ആശംസകൾ നേരാനെത്തിയ ബന്ധുമിത്രാധികളോടും പൊതുപ്രവർത്തകരോടുമെല്ലാം ഇത്തവണ വോട്ട് ചെയ്യാനാകുമെന്ന ആശങ്കയാണ് ആയിഷ പങ്കുവച്ചത്.