തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റേഞ്ചിലെ ഇരുപതിലധികം കള്ളുഷാപ്പുകളിൽ പണിയെടുക്കുന്ന 170 ൽ പരം യൂണിയൻ തൊഴിലാളികളും അത്രത്തോളം താത്കാലിക ജീവനക്കാരും കഴിഞ്ഞ 7 മാസത്തിലധികമായി പ്രതിസന്ധിയിലാണ്. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും വലിയ വെട്ടി​ക്കുറയ്ക്കലുകളാണ് ഇവർ നേരിടുന്നത്. കഴിഞ്ഞ വർഷം ഓൺലൈനിലെ സാങ്കേതിക തകരാറു മൂലം തൃപ്പൂണിത്തുറയിലെ നിരവധി ഷാപ്പുകൾ അടഞ്ഞുകിടന്നതോടെ ആറു മാസത്തിലധികം ഇവർക്ക് വരുമാനം പോലും നിഷേധിക്കപ്പെട്ടിരുന്നു.

സഹായി​ക്കാതെ സംഘടനകളും

ലാഭകരമല്ലാതെ ഷാപ്പുകൾ നടത്തപ്പെടുന്നു എന്ന തെറ്റായ വാർത്തകൾ നടത്തിപ്പുകാർ പ്രചരിപ്പിക്കുമ്പോൾ അതിനു സഹായകമായ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് അതാതിടത്തെ തൊഴിലാളി സംഘടനകൾ പുലർത്തി വരുന്നത്. മറ്റേത് മേഖലകളിലും തൊഴിൽ പ്രശ്നത്തിലിടപെടാൻ പല സംഘടനകളും ഉള്ളപ്പോൾ കള്ള് വ്യവസായത്തെ കുത്തകയാക്കി വച്ചിട്ടുള്ള സംഘടനാ തൊഴിലാളികളെ പാടെ വഞ്ചിക്കുകയാണ്. കഴിഞ്ഞ ഓണം, വിഷു കാലങ്ങളിൽ മതിയായ ഉത്സവബത്ത ഇവർക്ക് നിഷേധിക്കപ്പെട്ടു. തിരക്കുള്ള ഷാപ്പുകളിൽ പോലും തുച്ഛമായ ദിവസക്കൂലിയാണത്രെ.

.......................................................

കഴിഞ്ഞ ഒരു വർഷത്തെ കള്ളു ഷാപ്പു നടത്തിപ്പിൻ്റെ കണക്കുകൾ ബന്ധപ്പെട്ടവർ പരിശോധിച്ചു തൊഴിലാളികൾക്ക് വേതനം ഉടൻ ലഭ്യമാക്കണം. തൊഴിൽ വകുപ്പിൽ നിന്നും ക്ഷേമനിധിയിൽ നിന്നും വേണ്ട ഉചിതനടപടികൾ ഉണ്ടാകണം.

പി.സി. സുനിൽകുമാർ , ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ റീജി​യണൽ പ്രസിഡൻ്റ്