മൂവാറ്രുപുഴ: കുന്നത്തുനാട് പാടത്തിക്കരയിലെ കൊലപാതകം പ്രതി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. പശ്ചിമബംഗാൾ സ്വദേശിയായ പ്രതി സഞ്ജയ് ഒറാവോ തന്റെ ഒപ്പം താമസിച്ചിരുന്ന അജയ് ഒറാവോയെ 2019 ഒക്ടോബർ 21ന് രാത്രി 10.45ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്പലമേട് പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ഷെബാബ് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി. കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 5 മുതലുകളും ഹാജരാക്കി.