
കൊച്ചി: കൊടുംകള്ളൻ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബീഹാർ സീതാമർഹിയിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ബോർഡ് ഘടിപ്പിച്ച കാറിലാണ് ഇർഫാൻ കവർച്ചയ്‌ക്കെത്തിയതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ഇർഫാന് നിരവധി ആഡംബര കാറുകളുണ്ട്.
ഇയാൾക്ക് കൊച്ചിയിലെത്താൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് ശക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയക്കാരിയാണ് ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ചതും അതീവസുരക്ഷാ മേഖലയിലെ വീട്ടിലേക്ക് അനായാസം എത്താനായതുമാണ് പൊലീസിന്റെ സംശയത്തിന് ആക്കംകൂട്ടുന്നത്. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. ഇർഫാന്റെ മൊബൈൽ ഫോൺ പരിശോധനയിൽ എല്ലാം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്നലെ വൈകിട്ട് അഞ്ചോടെ പ്രതിയെ ജോഷിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കവർച്ചയ്ക്ക് എത്തിയതും വീടിനുള്ളിൽ കയറിയതുമെല്ലാം പ്രതി വിശദീകരിച്ചു. മഴയായതിനാൽ തെളിവെടുപ്പ് വൈകി. ഇർഫാൻ തൊട്ടടുത്ത വീട്ടിന്റെ മതിൽ ചാടിക്കടന്നാണ് ജോഷിയുടെ വീട്ടിൽ കയറിയത്. കവർച്ചാശ്രമം നടന്ന മൂന്ന് വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെടാത്തതിനാൽ അവിടെ തെളിവെടുപ്പ് നടത്തിയില്ല. നടപടി പൂർത്തിയാക്കിയതിന് പിന്നാലെ ഇർഫാനെ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ആഭരണങ്ങൾ മുംബയിൽ വിൽക്കാനുള്ള യാത്രയ്‌ക്കിടെയാണ് ഇയാൾ കോട്ട പൊലീസിന്റെ പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചിട്ട് കടന്നുപോയ ഇർഫാനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ കൊച്ചി പൊലീസ് തെരയുകയാണെന്ന ഉഡുപ്പി എസ്.പിയുടെ സന്ദേശം കോട്ട പൊലീസിന് ലഭിച്ചത്.ഇർഫാനെ പിടികൂടിയതിൽ കർണാടക പൊലീസിന് നിർണായക പങ്കുണ്ടെന്ന് എസ്. ശ്യാംസുന്ദർ പറഞ്ഞു.