മൂവാറ്റുപുഴ : വട്ടവട മറയൂർ മേഖലകളിലെ പ്രധാന വിളയായ ശീതകാല പച്ചക്കറികൾക്ക് പ്രത്യേക വിപണി സജ്ജമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീതാ വിശ്വനാഥൻ വട്ടവടയിൽ പറഞ്ഞു. വട്ടവട മറയൂർ മേഖലകളിലെ പച്ചക്കറികൾ ഇതു വഴി കേരളത്തിലെ പൊതുവിപണിയിൽ ലഭ്യമാക്കാൻ സാധിക്കും. വട്ടവടയിലെ പച്ചക്കറികൾ കൂടുതലും തമിഴ്നാട്ടിലേക്കാണ് പോകുന്നത്. പിന്നീട് കൂടുതൽ വിലനൽകി കേരളം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേക വിപണി രൂപീകരിക്കുക വഴി കർഷകർക്ക് കൂടുതൽ വില ലഭിക്കുകയും ഗുണമേൻമയുള്ള പച്ചക്കറി കേരളത്തിന് ലഭ്യമാകുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ പി.എം കുസും പോലുള്ള പദ്ധതികളിൽ ഉൾപ്പടുത്തി വൈദ്യുതി എത്താത്ത മേഖലകളിൽ സൗരോർജ്ജം ഉപയോഗിച്ച് കാർഷികാവശ്യത്തിനുള്ള ജലസേചന സൗകര്യം സുഗമമാക്കുമെന്നും സംഗീത പറഞ്ഞു. രാവിലെ കൊട്ടകാമ്പൂരിലെ സ്വീകരണമേറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു സംഗീത വിശ്വനാഥൻ. കൊട്ടകാമ്പൂരിൽനിന്നും ആരംഭിച്ച സ്ഥാനാർഥി പര്യടനം കോവിലൂർ, വട്ടവട മേഖലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തൊടുപുഴയിൽ പ്രീതി നടേശൻ പങ്കെടുത്ത വനിതാസംഗമത്തിലും സ്ഥാനാർഥി പങ്കെടുത്തു.