കൊച്ചി: ഒരു ഡസനിലധികം സിനിമകളിൽ പൊലീസ് അന്വേഷണം ചിത്രീകരിച്ച ജോഷിക്ക് യഥാർത്ഥ പൊലീസ് അന്വേഷണത്തിൽ അഭിമാനം.

ശനിയാഴ്ച രാവിലെ 100ൽ വിളിച്ച് പരാതിപ്പെടുമ്പോൾ ജോഷി നിരാശനായിരുന്നു. പനമ്പിള്ളിനഗർ പുത്തൻകുരിശിലാണോയെന്ന പൊലീസിന്റെ മറുചോദ്യമാണ് ഇതിനിടയാക്കിയത്. നിർമ്മാതാവ് ആന്റോ ജോസഫിനോട് കാര്യങ്ങൾ പറഞ്ഞതോടെ കമ്മിഷണറടക്കം ഉന്നത ഉദ്യോഗസ്ഥർ ജോഷിയുടെ വീട്ടിലെത്തി. പിന്നീട് നടന്നത് ദ്രുതഗതിയിലുള്ള അന്വേഷണമായിരുന്നു.

''ഉഡുപ്പിയിൽ നിന്ന് പ്രതിയെ പിടികൂടിയതു മുതൽ അതീവ സന്തോഷവാനാണ്. പൊലീസിന് ബിഗ് സല്യൂട്ട്,"" ജോഷി കേരളകൗമുദിയോട് പറഞ്ഞു.

24മണിക്കൂറിനകം പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അഭിനന്ദിച്ചു. എ.സി.പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

എറണാകുളം സൗത്ത് എസ്.എച്ച്.ഒ പ്രേമാനന്ദ് കൃഷ്ണൻ, പാലാരിവട്ടം എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ വിഷ്ണു, സി.എം. ജോസി, എ.എസ്.ഐ പി. അനിൽകുമാർ, എസ്.സി.പി.ഒമാരായ എം. മഹേഷ്, സനീപ് കുമാർ, പ്രശാന്ത് ബാബു, ജിക്കു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.