കൊച്ചി: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കളരി പരിശീലകന് 64 വർഷം കഠിനതടവും 2,85,000 രൂപ പിഴയും ശിക്ഷ. എരൂർ ലക്ഷ്മീനാരായണ വിലാസിൽ സെൽവരാജിനാണ് (43) എറണാകുളം പോക്‌സോ അതിവേഗകോടതി ജഡ്ജി കെ. സോമൻ ശിക്ഷവിധിച്ചത്.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ തടവുശിക്ഷ കൂടും.

2017 ജൂൺ മുതൽ ആഗസ്റ്റ് വരെ കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചിരുന്നതായും മൊഴിയുണ്ട്.

കളരി പരിശീലനത്തിനെത്തിയ ബാലിക അതേസ്ഥാപനത്തിൽ തന്നെ പീഡനത്തിനിരയായത് കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സെൽവരാജിനെതിരെ കളരി പരിശീലനത്തിനെത്തിയ മറ്റു പെൺകുട്ടികളും മൊഴിനൽകിയിരുന്നു. പ്രൊസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.എസ്. ഷിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.