മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യം എല്ലാ മേഖലകളും വികസിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ. സിങ്. ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂവാറ്റുപുഴയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വികസിത ഭാരതമെന്ന സങ്കല്പം മോദിജിയുടെ നേതൃത്വത്തിൽ മുന്നേറുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ഭാരതത്തിൽ വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ പ്രധാനമന്ത്രിക്കായി. യു.പി.എ സർക്കാരിന്റെ കാലത്ത് നടക്കാത്ത പലതും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നടപ്പാക്കാനായി. ഭാരതത്തിന്റെ ജി.ഡി.പി 6.5 ശതമാനമായി വളർന്നു. ഈ സമയം ലോക രാഷ്ട്രങ്ങളായ അമേരിക്കയിലും ചൈനയിലും 3 ശതമാനം മാത്രമാണ് വളർച്ച. അഡ്വ. സംഗീത വിശ്വനാഥൻ വിജയിച്ചാൽ ഇടുക്കിയിലും വൻ വികസനം ഉണ്ടാകുമെന്നും വി.കെ. സിംഗ് പറഞ്ഞു. ബി.ജെ.പി എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷൻ ഇ.ടി. നടരാജൻ അദ്ധ്യക്ഷനായി. എൻ.ഡി.എ ചെയർമാൻ എ.എസ്. അജി, കൺവീനർ അഡ്വ. പ്രദീഷ് പ്രഭ, യൂവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.പി. സജീവ്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ, സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ സംസാരിച്ചു.