കൊച്ചി: പരീക്ഷണങ്ങളെ അതിജീവിച്ചാണ് കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇർഫാനെ എറണാകുളം എ.സി.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് പഞ്ചറായതടക്കം വെല്ലുവിളികൾ ഏറെയായിരുന്നു. പ്രതി കേരളംവിട്ട് 45 മിനിട്ടിനു ശേഷം കാറിന്റെ നമ്പർ കണ്ടെത്തിയതോടെ വലമുറുക്കി.

രാവിലെ 6.10നാണ് സൗത്ത് പൊലീസിൽ പരാതി ലഭിച്ചതെന്ന് രാജ്കുമാർ പറഞ്ഞു. 7മണിയോടെ ജോഷിയുടെ വീട്ടിലെത്തി. മരട്, പലാരിവട്ടം, പനങ്ങാട്, സൗത്ത് സി.ഐമാരെ വിളിച്ചുവരുത്തി. സി.സി.ടിവി പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യം ശേഖരിച്ചു. നഗരത്തിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഡി.സി.പി സുദർശനുമായി ചേർന്നായിരുന്നു തുടർന്നുള്ള നീക്കങ്ങൾ. പനമ്പിള്ളിനഗറിൽ അസ്വാഭാവികമായി നിറുത്തിയിട്ട കാറിലേക്ക് പ്രതി എത്തുന്ന ദൃശ്യം ലഭിച്ചത് പിടിവള്ളിയായി. കാറിനെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. നഗരമാകെ അരിച്ചുപെറുക്കി കാറിന്റെ നമ്പർ കിട്ടുമ്പോൾ സമയം വൈകിട്ട് മൂന്ന്. പ്രതി എവിടെയെന്ന് കണ്ടെത്തുകയായിരുന്നു അടുത്തഘട്ടം.

ജില്ലാകേന്ദ്രങ്ങളിലെ സി.സി.ടിവി പരിശോധിച്ചപ്പോൾ, ഉച്ചയ്ക്ക് രണ്ടേകാലോടെ കാർ കാസർകോട് കടന്നതായി കണ്ടു. പിന്നെ കമ്മിഷണറുടെ ഇടപെടലിലൂടെ കർണാടക പൊലീസിന് വിവരം കൈമാറി. മുഹമ്മദ് ഇർഫാൻ ഉഡുപ്പിയിൽ പിടിയിലായപ്പോഴും അയാളാണ് പ്രതിയെന്ന് ഉറപ്പിച്ചിരുന്നില്ല. കാറിൽ നിന്ന് കിട്ടിയ ആഭരണത്തിന്റെ ഫോട്ടോ ജോഷിയെ കാണിച്ച് ഉറപ്പാക്കിയാണ് കാര്യങ്ങൾ സ്ഥിരീകരിച്ചത്.

ഉഡുപ്പിയിലേക്കുള്ള യാത്രയിൽ പൊലീസ് ജീപ്പ് ബ്രേക്ക് ഡൗണായി. മറ്റൊരു കാറെത്തിച്ചാണ് യാത്ര തുട‌‌ർ‌ന്നത്.