 
നെടുമ്പാശേരി: പുറയാർ ഗാന്ധിപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മഹാഗണി മരം ശക്തമായ കാറ്റിൽ കടപുഴകി വീണ് രണ്ടായി ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് തലയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരനായ പത്ത് വയസുകാരന് ദാരുണാന്ത്യം. ദേശം പുറയാർ അമ്പാട്ടുവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15ഓടെ വീടിന് 50 മീറ്റർ അകലെയായിരുന്നു അപകടം. വൈകുന്നേരത്തെ മഴയ്ക്കുശേഷം വീട്ടിൽനിന്ന് സമീപത്തെ പറമ്പിൽ കൂട്ടുകാർക്കൊപ്പം സൈക്കിളിൽ കളിക്കാൻപോയ ഇർഫാൻ തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ദുരന്തം. സ്വകാര്യവ്യക്തിയുടെ പറമ്പിൽ കുറേക്കാലമായി ചരിഞ്ഞുനിന്നിരുന്ന മരം സ്വകാര്യറോഡിലെ ഇലക്ട്രിക് ലൈനിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് പോസ്റ്റ് രണ്ടായി ഒടിഞ്ഞ് ഇർഫാന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ഉടനെ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മാർഗമദ്ധ്യേ മരിച്ചു.
ശ്രീമൂലനഗരം വിജ്ഞാനപീഠം സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിയാണ്. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് പുറയാർ ജമാഅത്ത് പള്ളിയിൽ കബറടക്കും.
വീടിന് സമീപം പലചരക്കുകട നടത്തുകയാണ് പിതാവ് നൗഷാദ്. മാതാവ്: ഫൗസിയ. സഹോദരൻ: മുഹമ്മദ് ഫർഹാൻ.