
അബ്ദുൾ മനാഫ് ആ ചിലങ്കകളുടെ കിലുക്കം കേട്ടത് എട്ടാംവയസിലാണ്. ചുവടുകളുടെയും രാഗങ്ങളുടെയും അപരിചിത ലോകത്തേക്കുള്ള ആ യാത്ര, മനാഫിൽ നിന്ന് മനു മാസ്റ്ററിലേക്കുള്ള തീർത്ഥാടനം കൂടിയായിരുന്നു...
ആ ചിലങ്കകളുടെ കിലുക്കം അബ്ദുൾ മനാഫ് ആദ്യം കേട്ടത് എട്ടാംവയസിൽ, മൂത്ത സഹോദരി സുബൈദയുടെ കൈവിരലിൽ തൂങ്ങിയുള്ള യാത്രകളിലായിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് കടലോരഗ്രാമമായ കൂളിമുട്ടത്തെ വീട്ടിൽ ഉമ്മയെ കണ്ടശേഷം ഭർത്താവിന്റെ വീട്ടിലേക്കു മടങ്ങുന്ന സഹോദരിക്ക് കൂട്ടുപോകുമ്പോൾ കൈനിറയെ വാങ്ങിത്തരുമായിരുന്ന നാരങ്ങാ മിഠായിയേക്കാൾ മധുരം തോന്നി, ആ ചിലങ്കക്കിലുക്കങ്ങളുടെ ഇമ്പത്തിന്. അപ്പോഴൊന്നും അബ്ദുൾ മനാഫ് ഓർത്തതേയില്ല, ആ കിലുക്കം പിന്നീട് ജീവിതത്തിന്റെ ഹൃദയതാളമായി മാറുമെന്ന്!
പോകുന്ന വഴിക്കാണ് തൃക്കുലശേഖരപുരം ക്ഷേത്രം. അതിനടുത്ത് ഒരു നൃത്ത ക്ലാസുണ്ടെന്നും ധാരാളം കുട്ടികൾ പഠിക്കുന്നുണ്ടെന്നും അറിഞ്ഞതോടെ മനാഫിന്റെ മനസു നിറയെ നൃത്തമായി. നൃത്തം കാണാൻ ഒളിച്ചെത്തി ക്ലാസ് മുറിയിലേക്ക് എത്തിനോക്കിയിരുന്ന മനാഫിനെ ഒരുനാൾ ഗുരു പറവൂർ ടി.കെ. സുരേന്ദ്രൻ പിടികൂടി ശിഷ്യനാക്കി. കേട്ടറിഞ്ഞ ചിലങ്കകൾ പാദങ്ങളിലേക്കെത്തി, ആരോഹണമായി പെയ്തുതുടങ്ങാൻ പിന്നെ വൈകിയില്ല. എതിർപ്പുകൾ പത്തി താഴ്ത്തി. സൗജന്യമായി പഠിപ്പിച്ച ഗുരുവിന് ദക്ഷിണയായി നൽകാൻ കളങ്കമില്ലാത്ത നൃത്തോപാസനയല്ലാതെ മനാഫിന് മറ്റൊന്നുമില്ലായിരുന്നു. ഭരതനാട്യത്തിന്റെ താളപ്രപഞ്ചത്തിലേക്കുള്ള തീർത്ഥാടനം അവിടെ തുടങ്ങുകയായിരുന്നു; അബ്ദുൾ മനാഫിൽ നിന്ന് മനു മാഷെന്ന നർത്തകനിലേക്കുള്ള വളർച്ചയും. കലൈമാമണി കെ.ജെ. സരസ, മൈലാപ്പൂർ മുത്തുസ്വാമി പിള്ള, അടയാർ കെ. ലക്ഷ്മണൻ, ചിത്രാ വിശ്വേശ്വരൻ എന്നിവരുടെ കീഴിൽ വർഷങ്ങളോളം ഭരതനാട്യം അഭ്യസിച്ചു. ഇതിനിടെ വെമ്പട്ടി ചിന്നസത്യത്തിൽ നിന്ന് കുറേക്കാലം കുച്ചുപ്പുടിയും പരിശീലിച്ചു. ആന്ധ്രയിൽ ബ്രാഹ്മണ സമൂഹത്തിൽ ഒതുങ്ങിനിന്ന നൃത്തരൂപത്തെ ലോകപ്രശസ്തമാക്കിയ ആചാര്യനാണ് ഇദ്ദേഹം.
ഗുരുക്കന്മാരോ കലാകാരന്മാരോ ഇതുവരെ അയിത്തമോ അകലമോ കാട്ടിയിട്ടില്ല. ഗുരുകുല സമ്പ്രദായത്തിലും അഭ്യസിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ദൈവവുമെല്ലാം ഗുരുവാണ്. എതിർപ്പുകളെയും പരിഹാസങ്ങളെയും തോൽപ്പിച്ചുള്ള യാത്ര സപ്തതിയിലെത്തുകയാണ്. ഒഡീസി ആചാര്യൻ കേളു ചരൺ മഹാപത്ര, കഥക് ആചാര്യൻ പണ്ഡിറ്റ് ബിർജു മഹാരാജ് എന്നിവരടക്കം എണ്ണമറ്റ പ്രതിഭകളുമായുള്ള അടുത്ത സൗഹൃദവും യാത്രകളും നൃത്തം നൽകിയ സൗഭാഗ്യങ്ങളായി. പോളണ്ട്, സ്പെയിൻ, അമേരിക്ക, ജർമ്മനി, അർജന്റീന എന്നീ രാജ്യങ്ങളിലടക്കം ശിഷ്യഗണങ്ങളുള്ള മാഷിനെ തേടി വിവിധ സർവകലാശാലകളിലെ ഗവേഷക വിദ്യാർത്ഥികളും എത്തുന്നു. ഭാരതീയ ദർശനത്തെക്കുറിച്ച് അപാര ജ്ഞാനമുള്ള വിദേശ വിദ്യാർത്ഥികളുണ്ട്.
എറണാകുളത്തെ വാടകവീട്ടിൽ മാഷിന്റെ താപസ ജീവിതം 70 വയസിലും കർമ്മനിരതം. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നടത്തിയ യാത്രകളിലാണ് ഭാരതീയ കലകളുടെയും സംഗീതത്തിന്റെയും അനന്തസാദ്ധ്യതകളെ അടുത്തറിഞ്ഞത്. ഓരോന്നും ആനന്ദനിർവൃതി നൽകുന്ന അനന്തസാഗരമാണെന്നു ബോദ്ധ്യമായപ്പോൾ സ്വയം കണ്ടെത്താനായി ശ്രമം. ജന്മങ്ങൾ വേണ്ടിവന്നേക്കാം. ഭോപ്പാലിൽ നൃത്താദ്ധ്യാപകനായിരിക്കെ 'ഹിന്ദുസ്ഥാനി"യിലും കൈവച്ചു. ഉസ്താദ് അലാവുദ്ദീൻ ഖാന്റെ ശിഷ്യൻ പണ്ഡിറ്റ് ശ്യാം ദ്വിവേദിയുടെ ശിഷ്യനായി ആറുവർഷം സിതാർ അഭ്യസിച്ചു. ദർബാരി അടക്കമുള്ള ദേവരാഗങ്ങൾ പെയ്ത സിതാറുമായിട്ടായിരുന്നു പിന്നീടുള്ള യാത്ര. തുടർന്ന് ചെന്നൈയിൽ വർഷങ്ങളോളം ടി.എസ്. രാമസ്വാമി അയ്യരുടെ ശിഷ്യനായി വീണയും, കേരളത്തിലെത്തി കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്ന് മൃദംഗവും അഭ്യസിച്ചു. വായ്പാട്ടിൽ പി.ജി. ഭാഗീരഥി അമ്മയാണ് ഗുരു.
അബൂബക്കർ
'പ്രേരകഗുരു"
കടലോര ഗ്രാമമായതിനാൽ ചാകരക്കാലത്ത് എത്തിയിരുന്ന സൈക്കിൾ യജ്ഞക്കാരുടെ സിനിമാറ്റിക് ഡാൻസ് ഒഴികെ ഒരു നൃത്തപ്രകടനവും കാണാൻ അവസരം കിട്ടിയിരുന്നില്ല. ഇതൊന്നുമല്ല നൃത്തമെന്നും ശാസ്ത്രീയ നൃത്തം വേറെയാണെന്നും കഥകളി ഭ്രമമുണ്ടായിരുന്ന സഹോദരീ ഭർത്താവ് അബൂബക്കറാണ് പറഞ്ഞുതന്നത്. വിവിധ നൃത്തരൂപങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോൾ ഭരതനാട്യം മനസിൽ പതിഞ്ഞു. വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനാണ് ആദ്യമായി ഭരതനാട്യം കണ്ടത്. അന്നേ ഉറപ്പിച്ചു- ഇതാണിനി ജീവിതം. കാലം കരുതിവച്ച നിയോഗം ഒടുവിൽ തേടിയെത്തി. നൃത്തത്തിനായി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും നൃത്തത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മാഷ് പറയുന്നു. അതിനെത്ര ജന്മം വേണ്ടിവരുമെന്നതിന് ഉത്തരം ഗുരുപരമ്പരകൾക്ക് തരാനാവുമോ!
ഏതു നൃത്തവും
ആർക്കും ചെയ്യാം
ഏതു നൃത്തവും പുരുഷനു ചെയ്യാം. ലാസ്യരസ പ്രധാനമായ മോഹിനിയാട്ടവും ചെയ്യാൻ കഴിയണം. അന്തരിച്ച കഥക് ആചാര്യൻ കേളുചരൺ മഹാപത്ര രാധയെ അവതരിപ്പിച്ചാൽ ആരും നമിക്കുമായിരുന്നു. എത്രയെത്ര അവതാര സുന്ദരിമാർ അദ്ദേഹത്തിലൂടെ പുനർജനിച്ചു. പൗരുഷം തുടിക്കുന്ന ശരീരമാണെങ്കിലും അദ്ദേഹത്തിന്റെ സ്ത്രീവേഷങ്ങൾ അത്രമാത്രം ആകർഷകമായിരുന്നു. കഥക് ആചാര്യൻ ബിർജു മഹാരാജാണ് മറ്റൊരു ഉദാഹരണം. കഥകളിയിൽ സ്ത്രീകൾ കീചകനായും ദുശ്ശാസനനായും വരുമ്പോഴും അങ്ങനെതന്നെ.
സോളോ വേദിയിൽ പല കഥാപാത്രങ്ങളെയും ഒരു കലാകാരന് ഒരേ വേഷത്തിൽ അവതരിപ്പിക്കേണ്ടിവരുന്നു. പുരുഷ- സ്ത്രീ കഥാപാത്രങ്ങളായി ഒരാൾതന്നെ മാറുമ്പോൾ അഭംഗിയോ അസ്വാഭാവികതയോ ഉണ്ടാവാറില്ല.
പുരുഷന്മാർ നൃത്തം പഠിച്ചാൽ നടപ്പിലും സംസാരത്തിലുമെല്ലാം സ്ത്രൈണ ഭാവം വരുമെന്നതും ശരിയല്ല. ഏതു കലാരൂപവും സ്വാഭാവികമായി അവതരിപ്പിക്കുന്നതിലാണ് കാര്യം. അതേസമയം, സ്ത്രൈണത കൂടുതലുള്ള പുരുഷന്മാർ നൃത്തം പഠിച്ചില്ലെങ്കിലും അങ്ങനെ തോന്നിയേക്കാം- മനു മാഷ് പറയുന്നു.
കഥപറയും
ശില്പങ്ങൾ
ഭരതനാട്യത്തിന്റെ തുടക്കം തമിഴ്നാട്ടിലാണെന്നാണ് പരക്കെയുള്ള വിശ്വാസമെങ്കിലും അങ്ങനെ കരുതാനാവില്ലെന്ന് മനു മാഷ് പറയുന്നു. രുക്മിണി ദേവി തുടങ്ങിയ കലാക്ഷേത്രം തമിഴ്നാട്ടിൽ ഭരതനാട്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കർണാടകത്തിലും ആന്ധ്രയിലുമെല്ലാം ഭരതനാട്യത്തിന് ആഴത്തിൽ വേരോട്ടമുണ്ടെങ്കിലും കലാക്ഷേത്ര പോലുള്ള ഒരു കേന്ദ്രമില്ല. കർണാടകത്തിലെ ക്ഷേത്രങ്ങളിൽ നൃത്ത മണ്ഡപങ്ങളും 'മദനികമാർ" എന്നറിയപ്പെടുന്ന നൃത്തശില്പങ്ങളുമുണ്ട്. ഈ ശില്പങ്ങളിൽ നിന്നുപോലും പലതും പഠിക്കാനുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൊയ്സാല രാജാവ് വിഷ്ണുവർദ്ധനയുടെ രാജ്ഞിയും നർത്തകിയുമായിരുന്ന ശാന്തള ദേവി ഭരതനാട്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. അവർ നൃത്തം ചെയ്തിരുന്ന 'ജീവനുള്ള" ക്ഷേത്ര മണ്ഡപങ്ങൾ ഇപ്പോഴുമുണ്ട്. ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളിലും 'സുരസുന്ദരിമാർ" എന്ന നൃത്തശില്പങ്ങൾ കാണാനാവും. കൃത്യമായ അവയവക്കണക്കോടെ കൊത്തിയെടുത്ത ഈ ശില്പങ്ങളെക്കുറിച്ച് വേണ്ടത്ര ഗവേഷണം നടത്തിയിട്ടില്ല.
മോഹിനിയാട്ടം കേരളത്തിന്റേതാണെന്നു പറയുമ്പോഴും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഡോക്ടറേറ്റ് നേടിയ ഒരുപാടു പേരുണ്ടെങ്കിലും ശരീരചലനങ്ങളെക്കുറിച്ചും മറ്റുമുള്ള പഠന, ഗവേഷണങ്ങൾ വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. താത്പര്യവും മികച്ച പരിശീലനവുമുണ്ടെങ്കിൽ ആർക്കും നൃത്തം അഭ്യസിക്കാം. ആറു വയസിനു മുമ്പ് പഠിപ്പിച്ചെടുക്കണമെന്ന് നിർബന്ധം പിടിക്കുന്നത് കുട്ടികളോടുള്ള ക്രൂരതയാണ്. പ്രായം കൂടുന്നത് ചില വൈഷമ്യങ്ങളുണ്ടാക്കുമെങ്കിലും പരിശീലനംകൊണ്ട് മാറ്റിയെടുക്കാം. ജന്മനാ മെയ്വഴക്കമുള്ളവർക്ക് എളുപ്പമാണ്. എല്ലാം പൂർവജന്മ സുകൃതമെന്നാണ് ഭാരതീയ വിശ്വാസം.
ശരീരഭാഷ
വ്യത്യസ്തം
ഓരോ ശാസ്ത്രീയ നൃത്തത്തിന്റെയും ശരീരഭാഷ വ്യത്യസ്തമാണ്. വർഷങ്ങൾ നീളുന്ന പരിശീലനംകൊണ്ടാണ് ഇത് നേടുന്നത്. ഭരതനാട്യം പരിശീലിച്ച ഒരാൾ അതുതന്നെ തുടരുന്നതാണ് നല്ലത്. മത്സരങ്ങൾക്കായി നിശ്ചിതസമയം കൊണ്ട് വിവിധ നൃത്തരൂപങ്ങൾ പഠിക്കേണ്ടിവരുന്ന ഒരാൾക്ക് എല്ലാറ്റിലും ശോഭിക്കാനാവില്ല. സൂക്ഷ്മമായി നൃത്തം ആസ്വദിക്കുന്നവർക്ക് പോരായ്മകൾ കണ്ടെത്താനാകും. ചടുല ചലനങ്ങളുള്ള ഭരതനാട്യത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് മോഹിനിയാട്ടം, കഥക്, കുച്ചുപ്പുടി തുടങ്ങിയവ. എല്ലാം ഒന്നിനൊന്നു സങ്കീർണം. കലാരൂപം ഏതായാലും അതിന്റെ ഉപാസകനായി മാറണം.
സ്ഥിതിയും ഗതിയുമാണ് നൃത്തത്തിന്റെ ജീവനെന്ന് നാട്യശാസ്ത്രത്തിന്റ ആചാര്യനായ ഭരതമുനി ഓർമ്മിപ്പിക്കുന്നു. ഏതും നൃത്തത്തിനും ഇതു ബാധകമാണ്. ഒരു മുദ്രയുമായി നിലകൊള്ളുന്ന നർത്തകൻ നിശ്ചിതമാർഗത്തിലൂടെ ചലിക്കുന്നു. ഈ മാർഗശുദ്ധിയാണ് പ്രധാനം. ഓരോ നൃത്തരൂപത്തിനും ഇതു വ്യത്യസ്തമാണ്. ചില നൃത്തങ്ങൾക്ക് സ്ഥിതിയിലും മറ്ര് ചിലതിന് മാർഗത്തിനും പ്രാധാന്യം കൂടും. മോഹിനിയാട്ടത്തിന് മാർഗശുദ്ധിയിൽ പ്രാധാന്യം കൂടുതലാണ്. ലളിതമെന്നു തോന്നിയാലും കഠിനമാണ്.
ഇന്ത്യയെ അറിയും
വിദേശികൾ
ഇന്ത്യൻ നൃത്തരൂപങ്ങളോട് വിദേശ വിദ്യാർത്ഥികൾക്കാണ് താത്പര്യം കൂടുതൽ. മനു മാഷിന്റെ വിദേശ ശിഷ്യരിലേറെയും പോളണ്ടുകാരാണെന്നു മാത്രമല്ല, ഇവരിൽ പലരും ഗവേഷക വിദ്യാർത്ഥികളുമാണ്. ക്ലാസെടുക്കാനായി പലതവണ പോളണ്ടിൽ പോയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ യാത്രകൾ ഒഴിവാക്കി. ഇപ്പോൾ എല്ലാവരും കൊച്ചിയിലെത്തി നാലഞ്ചു മാസം താമസിച്ച് മാഷിനു കീഴിൽ പരിശീലിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ നൃത്തം പഠിക്കാനെത്തുന്നുണ്ട്. ഭാരതീയ സംസ്കാരത്തിൽ രൂപംകൊണ്ട കലാരൂപങ്ങളെ പൂർണമായും മനസിലാക്കണമെങ്കിൽ ഈ സംസ്കാരത്തെക്കുറിച്ച് പഠിച്ചിരിക്കണം.
രോഗബാധിതനായി 15 വർഷത്തോളം നൃത്തവേദികളിൽ നിന്ന് മാറിനിൽക്കേണ്ടിവന്നെങ്കിലും വീണ്ടും സജീവമാവുകയാണ്. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ മാഷിന്റെ മേൽനോട്ടത്തിൽ ശിഷ്യൻ പ്രണവാണ് മുദ്രകളും ചുവടുകളും പഠിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛൻ പ്രദീപും മാഷിന്റെ ശിഷ്യനായിരുന്നു. 2016ൽ കേരള സംഗീതനാടക അക്കാഡമി പുരസ്കാരം നൽകി ആദരിച്ചു. കേരളത്തിനു പുറത്തുള്ള സംഘടനകളും ആദരിച്ചിട്ടുണ്ട്.
നൃത്തത്തിൽ നിന്ന് എന്തു നേടിയെന്നു ചോദിച്ചാൽ മറുപടി ഒന്നുമാത്രം: പറഞ്ഞറിയിക്കാൻ വയ്യാത്ത സംതൃപ്തി. എപ്പോഴും സന്തോഷം നൽകാൻ നൃത്തത്തിനു കഴിയും.
കളരിയിൽ പഠിക്കുന്ന ചുവടുകളും മുദ്രകളും വീട്ടിൽ പോയി പരിശീലിക്കേണ്ടെന്നാണ് ആദ്യഘട്ടത്തിൽ ശിഷ്യർക്ക് മാഷ് നൽകുന്ന ഉപദേശം. വീട്ടിലെ പരിശീലനത്തിൽ വരുന്ന തെറ്റുകൾ പഠനത്തെ ബാധിക്കാം. ഗുരുവിന്റെ മേൽനോട്ടത്തിൽ കുറേക്കാലം പരിശീലനം നേടി മുദ്രകളും ചുവടുകളും ഉറച്ചതിനുശേഷമാണ് അനുവാദം നൽകുക.
നർത്തകൻ എന്ന
താന്ത്രികൻ
തന്ത്രശാസ്ത്രത്തിന്റെ ഭാഗമാണ് നൃത്തമെന്നും നർത്തകൻ താന്ത്രികൻ കൂടിയായിരിക്കണമെന്നും മനു മാഷ് വിശ്വസിക്കുന്നു. ഉപാസകനെ നൃത്തം ഈശ്വരനിലേക്ക് അടുപ്പിക്കുകയും, എന്താണ് സ്നേഹമെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെല്ലാം ഗുരുക്കന്മാരോടാണ് കടപ്പാട്. അവരാണ് നയിക്കുന്നത്. ഗുരുവിന്റെ ഏറ്റവും വലിയ സമ്പത്ത് ശിഷ്യരാണ്. അത് വേണ്ടുവോളമുണ്ട്. അവരിലൂടെയാണ് സ്ഥലം, കാലം, ചലനം എന്നീ പ്രപഞ്ചസത്യങ്ങളെ അറിയുന്നത്.
തന്നെക്കുറിച്ച് ആര്, എന്തു പറയുമെന്നോ നൃത്തത്തിൽ നിന്ന് എന്തു പ്രതിഫലം കിട്ടുമെന്നോ ചിന്തിക്കാറില്ല. അത്രമാത്രം തിരിച്ചറിവുകളാണ് നൃത്തത്തിൽ നിന്നു ലഭിച്ചത്. നർത്തകനാകാൻ നിശ്ചിത അനുഷ്ഠാനങ്ങൾ പാലിക്കേണ്ടതുണ്ടോയെന്നു ചോദിച്ചാൽ അറിയില്ല. മത്സ്യമാംസാദികൾ ഉപയോഗിക്കാറില്ല. വീട്ടിലെ സാഹചര്യം വ്യത്യസ്തമായിരുന്നിട്ടും ചെറുപ്പത്തിലേ അവയോട് വിരക്തി തോന്നിയിരുന്നു.
അതേസമയം, മത്സ്യമാംസാദികൾ ഉപയോഗിക്കുന്ന കലാകാരന്മാരും കലാകാരികളുമുണ്ട്. അവരവരുടെ ഇഷ്ടം. അത് അവരുടെ പ്രകടനത്തെയോ സ്വഭാവത്തെയോ ഏതെങ്കിലും വിധത്തിൽ ബാധിച്ചതായി തോന്നിയിട്ടില്ല. ഹിന്ദുസ്ഥാനി സംഗീതപഠനവും വലിയ ഭാഗ്യമായി കരുതുന്നു. സമ്പന്നമായ പാരമ്പര്യവും പ്രഗത്ഭരായ എത്രയോ ആചാര്യന്മാരുമുള്ള നാടാണ് നമ്മുടേത്.
ഹിന്ദുസ്ഥാനിയിൽ ലയത്തിന് വലിയ പ്രാധാന്യം നൽകുന്നു. സിതാർ പഠിച്ചപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള സാരംഗി, സരോദ്, ഏക് താര, സന്തുർ, ഷഹനായ് തുടങ്ങിയവയെക്കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞു. ഹിന്ദുസ്ഥാനിയിൽ ഖയാൽ, ധ്രുപദ്, തുംരി, ഗസൽ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളുണ്ട്. അഫ്ഗാൻ, അറബ്, പേർഷ്യൻ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ കാണാനാവും. അറിഞ്ഞുതുടങ്ങിയാൽ യാത്ര തുടർന്നേ പറ്റൂ. ഈ തിരിച്ചറിവിനു മുന്നിൽ രോഗം ഉൾപ്പെടെ എല്ലാ വെല്ലുവിളികളും വഴിമാറുമെന്ന് മാഷിന് ഉറപ്പ്.