police

കൊച്ചി: പൊള്ളുന്ന ചൂടിൽ ഒന്ന് തണുപ്പിക്കാൻ ഇടയ്ക്കിടെ എ.ടി.എം കൗണ്ടർ കയറിയിറങ്ങുന്നവരെക്കുറിച്ച് ട്രോളുകൾ വൈറലാണ്. സമാനമായ സംഭവം ഇപ്പോൾ കൊച്ചി സിറ്റി പൊലീസിൽ ചർച്ചകൾക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്. രാത്രിയിൽ കണ്ണിലെണ്ണയൊഴിച്ച് തോക്കുമായി കാവൽനിൽക്കേണ്ട പാറാവുകാർ സ്റ്റേഷനിലെ എ.സിമുറിയിൽ കയറി മയങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ച എറണാകുളം സെൻട്രൽ എ.സി.പി വി.കെ. രാജു പുറത്തിറക്കിയ സർക്കുലർ ചോർന്നതോടെയാണ് വിവരം പരസ്യമായത്. സെൻട്രൽ ഡിവിഷനിലെ പൊലീസ് ഇൻസ്‌പെക്ടർമാർക്ക് മുന്നറിയിപ്പായാണ് സർക്കുലർ ഇറക്കിയത്. '' രാത്രികാലങ്ങളിൽ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാർജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ എസ്.എച്ച്.ഒമാരുടെ മുറിയിൽ എ.സി ഉപയോഗിച്ച് കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. ഇക്കാര്യത്തിൽ എസ്.എച്ച്.ഒമാർ ശ്രദ്ധിക്കണമെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു''

'വിവാദ സർക്കുലറിന്' വഴിവച്ചത് രണ്ട് സ്റ്റേഷനുകളിൽ 'പാറാവുകാരുടെ ഉറക്കം' കൈയോടെ പിടികൂടിയതിന് പിന്നാലെയെന്നാണ് വിവരം. എറണാകുളം നോർത്ത്, കടവന്ത്ര സ്‌റ്റേഷനുകളിലായിരുന്നു എസ്.എച്ച്.ഒമാരുടെ മുറിയിൽ പാറാവുകാർ ഉറങ്ങിയതത്രേ. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവങ്ങൾ. രാത്രികാല പരിശോധനയ്ക്കിടെ സ്റ്റേഷനുകളിൽ എത്തിയപ്പോഴായിരുന്നു സുരക്ഷ ഉറപ്പാക്കേണ്ട പാറാവുകാരുടെ ഉറക്കം എ.സി.പിയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. മൂന്ന് പേരാണ് പാറാവ് ഡ്യൂട്ടിയിലുണ്ടാകുക. ഒരാൾക്ക് നിന്നും മറ്റൊരാൾക്ക് ഇരുന്നുമാണ് ഡ്യൂട്ടി. മൂന്നാമന് വിശ്രമമവും. ഡ്യൂട്ടി മാറിമാറിവരും.

എസ്.പിക്കും അതിന് മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കും മാത്രമേ പൊലീസ് ചട്ടപ്രകാരം ഓഫീസ് മുറിയിൽ എ.സിവയ്ക്കാൻ അനുവാദമുള്ളൂ. എന്നാൽ പ്രിൻസിപ്പൽ എസ്.ഐവരെ ഇപ്പോൾ ഓഫീസിൽ എ.സിവയ്ക്കുന്നുണ്ട്. സർക്കുലർ വൈറലായതോടെ എ.സി അഴിച്ചുമാറ്റേണ്ടിവരുമോയെന്ന ആശങ്കയിലാണിവർ. സർക്കുലറിനെതിരെ പൊലീസുകാർക്കിടയിൽ അമർഷം ശക്തമാണ്. സർക്കുലർ പിൻവലിക്കണമെന്നാണ് ആവശ്യം.