കൊച്ചി: തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രസിദ്ധമായ തിരുനാളിനു നാളെ കൊടിയേറും. വൈകിട്ട് 5.30നു വികാരി ഫാ. ആന്റണി മടത്തുംപടി കൊടിയേറ്റ് നിർവഹിക്കും. മേയ് മൂന്ന്, നാല് തീയതികളിലാണ് പ്രധാന തിരുനാൾ.
പരമ്പരാഗതമായ ചടങ്ങുകളോടെയാണു കൊടിയേറ്റ് നടക്കുക. തുടർന്നു ദിവ്യബലിക്ക് ഫാ. ടോണി മാണിക്കത്താൻ മുഖ്യകാർമ്മികത്വം വഹിക്കും.
മേയ് ഒന്നിന് വൈകിട്ട് 4.30ന് വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കും. തുടർന്ന് സാൽവേ ലദീഞ്ഞ്, നൊവേന, ദിവ്യബലി.
രണ്ടിന് രാവിലെ എഴിന് ലൈത്തോരന്മാരുടെ വാഴ്ച, ദിവ്യബലി. വികാരി ഫാ. ആന്റണി മടത്തുംപടി കർമികത്വം വഹിക്കും. തുടർന്ന് പ്രസുദേന്തി തിരഞ്ഞെടുപ്പ്.
വേസ്പര ദിനമായ മൂന്നിന് രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാന. കാർമികൻ ഫാ.ജോയി കളിക്കുന്നേൽ. പ്രസംഗം ഫാ. ജോഷി പുതുവ. വൈകിട്ട് 4.30ന് വേസ്പര. തുടർന്നു പട്ടണ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ 10.30ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. കുര്യാക്കോസ് ഇരവിമംഗലം മുഖ്യകാർമ്മികത്വം വഹിക്കും. പ്രസംഗം ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ. വൈകിട്ട് 3.30ന് ദിവ്യബലി. തുടർന്നു പട്ടണ പ്രദക്ഷിണം. രാത്രി 10.30നു തിരുസ്വരൂപം പള്ളിയിലേക്ക് എടുത്ത് വയ്ക്കും.
മേയ് 10, 11 തീയതികളിലാണ് എട്ടാമിടം. കോഴിനേർച്ചയാണു പള്ളിയിലെ പ്രധാന വഴിപാട്. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൈക്കാരന്മാരായ ജോസുകുട്ടി പള്ളിപ്പാടൻ, ജോയ് കളമ്പാടൻ, പ്രസുദേന്തി മാർട്ടിൻ കണ്ടത്തിൽ, പബ്ലിസിറ്റി കൺവീനർ പോൾസൺ കോയിത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.