കൊച്ചി: തീരദേശപരിപാലനനിയമം ലംഘിച്ചെന്നാരോപിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയും വിവിധ തദ്ദേശസ്ഥാപനങ്ങളും നൽകിയ നോട്ടീസുകളും ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. തീരപ്രദേശത്തെ നിർമ്മാണനിയന്ത്രണം 200ൽനിന്ന് 50മീറ്ററായി കുറച്ചതടക്കം കണക്കിലെടുത്താണ് ഉത്തരവ്. പുതിയ നിർമ്മാണത്തിന് അനുമതി നിഷേധിച്ചതുകൂടാതെ പൂർത്തിയായ നിർമ്മാണങ്ങൾ അനധികൃതമാണെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസുകൾ. ഇതിന്റെ പേരിൽ കെട്ടിടനമ്പർ നിഷേധിച്ചതടക്കം വിവിധ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച നടപടികളെല്ലാം റദ്ദാക്കിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
നിർമ്മാണ അനുമതിതേടി സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. 2019ലെ പുതിയ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് സ്വന്തം ഭൂമി ഉപയോഗിക്കുന്ന കാര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് അധികൃതർ നൽകിയ നോട്ടീസുകൾ ചോദ്യംചെയ്ത് മരടിലെ റിസോർട്ടടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട 2019 ജനുവരി 18ലെ വിജ്ഞാപനപ്രകാരം ദൂരപരിധി 50മീറ്ററായി കുറച്ചിട്ടുണ്ട്. ബീച്ചുപോലുള്ള മേഖലയിൽ മാത്രമാണ് ഇപ്പോൾ 200 മീറ്റർ ദൂരപരിധിയുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പരിപാലന പ്ലാനുകൾ തയ്യാറാക്കിയില്ലെന്നതടക്കം ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.