
കൊച്ചി: ജാതി അധിക്ഷേപമടക്കം ആരോപിച്ച് ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ കേസിൽ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുൻകൂർജാമ്യ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ എതിർകക്ഷികളുടെ വിശദീകരണം തേടി.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാമകൃഷ്ണനെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് സത്യഭാമയ്ക്കെതിരായ ആരോപണം. രാമകൃഷ്ണന്റെ പരാതിയിൽ പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സത്യഭാമയുടെ മുൻകൂർജാമ്യാപേക്ഷ നെടുമങ്ങാട് എസ്.സി, എസ്.ടി പ്രത്യേക കോടതി തള്ളിയിരുന്നു. രണ്ടാം പ്രതിയായ യുട്യൂബ് ചാനൽ നടത്തിപ്പുകാരന് നെടുമങ്ങാട് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സെലക്ഷൻ കമ്മിറ്റി
തിരുവനന്തപുരം: സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്കുള്ള ഒഴിവ് നികത്താൻ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയാണ് ചെയർപേഴ്സൺ. ഡോ.റിജിൽ രാംചന്ദ്, ഡോ.എ.വി. ബാബു, ഡോ.എം.എസ്. രാജശ്രീ, പ്രൊഫ.ഷാലിജ് പി.ആർ, പ്രൊഫ.അശോക് കുമാർ, പ്രൊഫ. ഷാജി, പ്രൊഫ.ശ്രീകുമാർ, പ്രൊഫ.എബ്രഹാം ടി. മാത്യു, പ്രൊഫ.സതീഷ് കുമാർ എന്നിവരാണ് സമിതിയംഗങ്ങൾ. എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരമാണ് നിയമനം നടത്തുക.
കെ.ആർ. നാരായണൻ നാഷണൽ ഫിലിം
ഇൻസ്റ്റിറ്റ്യൂട്ടിൽഅപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ മൂന്നുവർഷ പി.ജി. ഡിപ്ളോമ കോഴ്സുകളിലേക്ക് ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഓഡിയോഗ്രാഫി, ആക്ടിംഗ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് എന്നീ വിഷയങ്ങളിൽ റസിഡൻഷ്യൽ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ വിഭാഗത്തിലും പത്തു സീറ്റുകളാണുള്ളത്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും തുടർന്ന് ആറുദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.krnnivsa.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷകൾ സ്വീകരിക്കുന്ന
അവസാന തീയതി: 22
വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ ഉള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഫോൺ: 9061706113, ഇ മെയിൽ admn.krnnivsa@gmail.com