കൊച്ചി: സിറോമലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പൂത്തൂർ സഭാവിരുദ്ധരുമായി ചേർന്ന് വിഭാഗീയപ്രവർത്തനം നടത്തുന്നതായി മാർത്തോമ നസ്രാണിസംഘം (എം.ടി.എൻ.എസ്). വിശ്വാസികൾ സമർപ്പിക്കുന്ന കേസുകളിൽ തങ്ങൾ മാർപ്പാപ്പയോടും സിനഡിനോടും ഒപ്പമാണെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും അണിയറയിൽ വിമതപ്രവർത്തനങ്ങൾക്ക് ഇദ്ദേഹം പിന്തുണ നൽകുകയുമാണ്. സിറോമലബാർ സഭയേയും എറണാകുളം അങ്കമാലി അതിരൂപതയേയും അടിമുടി ശുദ്ധീകരിക്കാൻ മാർപ്പാപ്പയും പൗരസ്ത്യ തിരുസംഘവും അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും എം.ടി.എൻ.എസ് സെൻട്രൽ റീജിനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭാരവാഹികളായ റെജി ഇളമത, സേവ്യർ മാടവന, ജോമോൻ ആരക്കുഴ, ചെറിയാൻ കവലയ്ക്കൽ, ആന്റണി പുതുശേരി, റോബിൾ മാത്യു തുടങ്ങിയവർ സംസാരിച്ചു.
* ഏകീകൃത കുർബാന അംഗീകരിക്കാത്തവർ
സഭയിൽനിന്ന് പുറത്തുപോകണം
ഏകീകൃത കുർബാന അംഗീകരിക്കാത്ത പുരോഹിതർ എത്രയുംവേഗം സിറോ മലബാർ സഭയിൽനിന്ന് പുറത്തുപോകണമെന്ന് സംയുക്ത സഭാ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
സിനഡ് തീരുമാനത്തിനെതിരെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ മുന്നോട്ടുവച്ച ആവശ്യങ്ങൾ സഭാ മേലദ്ധ്യക്ഷൻ തള്ളിക്കളഞ്ഞതായി കഴിഞ്ഞദിവസത്തെ വൈദിക യോഗത്തിൽ പുറപ്പെടുവിച്ച കത്തിൽനിന്ന് വ്യക്തമാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുതിയസഭ ഉണ്ടാക്കി പുറത്തുപോകുമെന്ന് പ്രഖ്യാപനം നടത്തിയവർക്കുമുന്നിൽ ഇനി മറ്റു വഴികളൊന്നുമില്ലെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജിമ്മി പുത്തിരിക്കൽ, വിത്സൻ വടക്കുഞ്ചേരി തുടങ്ങിയവർ പറഞ്ഞു.