seaport
സീപോർട്ട് - എയർപോർട്ട് റോഡ് കടന്നുപോകുന്ന തോട്ടുമുഖം മഹിളാലയം കവല

ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാർത്ഥ്യമായതോടെ പ്രഖ്യാപിച്ച സീപോർട്ട് - എയർപോർട്ട് റോഡ് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും യാഥാർത്ഥ്യമാകാത്തതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ തീരാദുരിതത്തിൽ.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തോട്ടുമുഖം മഹിളാലയം കവലയ്ക്ക് സമീപം രണ്ട് പാലങ്ങളും അപ്രോച്ച് റോഡുകളും നിർമ്മിച്ചിരുന്നു. പിന്നീട് നിർമ്മാണം നിലച്ചതാണ്. എച്ച്.എം.ടി, എൻ.എ.ഡി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരിലുള്ള നിയമക്കുരുക്കുകളാണ് പ്രതിസന്ധിയായത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രതിസന്ധികൾ പരിഹരിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് നിർമ്മാണം പുനാരരാംഭിക്കുമെന്ന് ഉറപ്പായിട്ടില്ല.

എൻ.എ.ഡി മഹിളാലയം റീച്ചിന് 722.04 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇഴയുകയാണെന്നാണ് പരാതി.

വർഷങ്ങൾക്ക് മുമ്പ് ഇരുമ്പനം മുതൽ കളമശേരി എച്ച്.എം.ടി വരെ റോഡ് പൂർത്തിയായതാണ്. ഇവിടെ നിന്നും എൻ.എ.ഡി വരെ ഭാഗി​കമായും അടുത്തിടെ പൂർത്തിയായി.


കല്ലിട്ടി​ടമെല്ലാം 'ശ്മശാന'ഭൂമിയായി

കാൽനൂറ്റാണ്ട് മുമ്പ് എൻ.എ.ഡി - മഹിളാലയം റീച്ചിനായി കല്ലിട്ട ഭൂമിയെല്ലാം ശ്മശാനത്തിന്റ അവസ്ഥയിലാണ്. ഭൂമി വിൽക്കുവാനോ ഉപയോഗിക്കുവാനോ കഴിയാതെ ഉടമകൾക്ക് കഴിയുന്നില്ല. പലരും മരിച്ചു. നിലവിൽ താമസിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണിയും നടത്താനാകാത്ത അവസ്ഥ. മക്കളുടെ വിവാഹാവശ്യങ്ങൾക്ക് പോലും ഭൂമി വിൽക്കാൻ കഴിയുന്നി​ല്ല.

അവസാന കടമ്പയും കടന്നെന്ന് സർക്കാർ

സീപോർട്ട് എയർപോർട്ട് നിർമ്മാണത്തിനാവശ്യമായ എച്ച്.എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ.ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിനാൽ റോഡ് നിർമ്മാണത്തിനുള്ള അവസാന കടമ്പയും നീങ്ങിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവയ്ക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. റോഡ് നിർമ്മാണത്തിനായി 1.632 ഹെക്ടർ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ എച്ച്.എം.ടി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവുണ്ടായത്.

എൻ.എ.ഡി

2 .4967 ഹെക്ടർ ഭൂമി വിട്ടുനൽകും

എൻ.എ.ഡിയിൽ നിന്ന് വിട്ടുകിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമി റോഡ് നിർമ്മാണത്തിന് അനുവദിച്ച് രാഷ്ട്രപതി ഉത്തരവിട്ടിട്ടുണ്ട്. ഭൂമി വിലയായി 23.06 കോടി രൂപ ആർ.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകണം.