chendamangalam-jn
ചേന്ദമംഗലം കവല

പറവൂർ: ബൈക്ക് കെ.എസ്. ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തി​ൽ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ചേന്ദമംഗലം കവലയിൽ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തത് മൂലം ദിനപ്രതി അപകടങ്ങൾ. ഇന്നലെ രാവിലെ പുല്ലംകുളം ഭാഗത്ത് നിന്നുവന്ന ബൈക്ക് സിഗ്നൽലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ആലുവ - പറവൂർ റോഡിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഇതുവഴിവന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു. ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പൊടാതെ രക്ഷപ്പെട്ടു.

അപകടങ്ങളുണ്ടാക്കുന്ന സി​ഗ്നൽ ലൈറ്റ് തകരാർ

സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ രാത്രിയിലും രാവിലെയും ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ള സിഗ്നൽ ലൈറ്റുകൾ നന്നാക്കുമെന്നാണ് മുനിസിപ്പൽ അധികൃതർ അറിയിച്ചത്. രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനുവേണ്ട തുക കെൽട്രോണിൽ അടച്ചിട്ടുണ്ട്. എന്ന് നന്നാക്കുമെന്ന് കെൽട്രോൺ ഇതുവരെ അറിയിച്ചിട്ടില്ലത്രെ.

ഓരോദിവസം നീണ്ടുപോകുന്തോറും അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ട്രാഫിക് നിയന്ത്രണത്തിന് പൊലീസും ഇപ്പോൾ പലസമയത്തും ഇല്ലാത്തത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 11ന് പുലർച്ചെ പത്രം ഏജന്റ് സോമന്റെ മരണത്തിനിടയാക്കിയ അപകടവും സിഗ്നൽ ഇല്ലാത്തത് കൊണ്ടാണ്. പകൽ സമയത്ത് പുല്ലംകുളം ഭാഗത്ത് നിന്ന് ചേന്ദമംഗലം കവലയിലെത്തുന്ന വാഹനങ്ങൾക്ക് ചേന്ദമംഗലത്തേക്ക് പോകാനുള്ള സൂചന നൽകുന്ന സിഗ്നൽ പ്രവർത്തിക്കുന്നില്ല. രാത്രി ഏഴര കഴിയുന്നതോടെ നാല് വശത്തെയും ചുവന്ന ലൈറ്റ് മാത്രം തെളിഞ്ഞ് നിൽക്കുന്നതിനാൽ ആസമയമാകുമ്പോൾ സിഗ്നൽ ഓഫ് ചെയ്യുകയാണ് പതിവ്. രാത്രി ബ്ലിങ്കിംഗ് മോഡ് ഓൺ ചെയ്യാത്തതിനാൽ ഇതൊരു കവലയാണെന്ന് തന്നെ ഡ്രൈവർമാർക്ക് തിരിച്ചറിയാനാകുന്നില്ല.