ആലുവ: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആവശ്യപ്പെട്ടു.
ചാലക്കുടി ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി ചൂർണിക്കരയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ പാർട്ടികൾക്കും ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും എതിരെ ഭീഷണിയും ആക്ഷേപവും ചൊരിയുകയാണെന്നും ബേബി ആരോപിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ലോക്കൽ സെക്രട്ടറി പി.എ. മുഹമ്മദ് നാസർ, അഡ്വ. എ.കെ. നസീർ, സിമി എം. ജേക്കബ്, കെ.എച്ച്. ഷംസുദീൻ, ചാക്കോ മാർഷൽ, വി.എ. ഹാഷിം, കെ.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.