കൊച്ചി: ദേശിയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി കുന്നുംപുറം അമൃത ജംഗ്ഷനിൽ വാഹനങ്ങൾക്ക് ഇരുവശത്തേയ്ക്കും തിരിയാനുള്ള അവസരം ഒഴിവാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഇത് അമൃത ആശുപത്രിയിലേയ്ക്കും മഞ്ഞുമ്മലിലേയ്ക്കുമുള്ള വാഹങ്ങൾ പോകുന്നത് ദുഷ്‌കരമാക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം ദേശിയപാത അതോറിറ്റിയുടെയടക്കം വിശദീകരണം തേടി. സത്യവാങ്മൂലം ഫയൽ ചെയ്യാൻ ദേശീയപാത അതോറിറ്റി സമയം തേടി.
മഞ്ഞുമ്മൽ സ്വദേശിയായ പി.വി. സലിമാണ് കുന്നുപുറം ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾക്ക് അമൃത ഭാഗത്തേയ്ക്കും മഞ്ഞുമ്മലിലേയ്ക്ക് തിരിയാനുള്ള സൗകര്യം നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവിലെ പ്ലാൻ പ്രകാരം ഇടപ്പള്ളി റെയിൽവേ മേൽപ്പാത കടന്നുവരുന്ന വാഹനങ്ങൾ കുന്നുംപുറം ജംഗ്ഷനിൽ നിന്ന് പുതിയതായി നിർമ്മിക്കുന്ന മേൽപ്പാലത്തിലൂടെ ഒരു കിലോമിറ്ററോളം സഞ്ചരിച്ച ശേഷം സർവീസ് റോഡിലേയ്ക്ക് ഇറങ്ങണം. തുടർന്ന് സർവീസ് റോഡിലൂടെ കുന്നുംപുറത്തെത്തി അമൃത-മഞ്ഞുമ്മൽ ഭാഗത്തേയ്ക്ക് പോകണം. ഇത്തരത്തിലുള്ള ക്രമീകരണം വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സർവീസ് റോഡ് രണ്ട് ലൈൻ പാതയാണ്. കടന്നുപോകണ്ട വാഹനങ്ങളുടെ എണ്ണവും ഏറെയാണ്. അതിനാൽ കുന്നുംപുറത്തുനിന്ന് തന്നെ ഇരു റോഡിലേയ്ക്കും വാഹനങ്ങൾക്ക് തിരിയാൻ കഴിയും വിധം ഗതാഗതം ക്രമീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.