chalakkudi

കൊച്ചി: ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും വിജയം ഉറപ്പിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിൽ അട്ടിമറിവിജയപ്രതീക്ഷയിൽ എൽ.ഡി.എഫ്. വോട്ട് വിഹിതം ഗണ്യമായി വർദ്ധിക്കുമെന്ന് എൻ.ഡി.എ. ട്വന്റി 20 പാർട്ടി മുന്നണികൾക്ക് ഉയർത്തുന്ന വെല്ലുവിളി എന്താകുമെന്ന ആശങ്ക ബാക്കി. പ്രചാരണം അവസാനിക്കുമ്പോൾ ചാലക്കുടിയുടെ ചിത്രമിങ്ങനെ.

രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിറ്റിംഗ് എം.പി ബെന്നി ബഹനാനും യു.ഡി.എഫും. 2019ൽ 1,32,274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിനിമാതാരം കൂടിയായ ഇന്നസെന്റിനെ തോൽപ്പിച്ചത്. മുൻഭൂരിപക്ഷം ഇക്കുറി നേടാൻ കഴിയുമോയെന്നതിൽ യു.ഡി.എഫിന് ഉറപ്പില്ല. വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വവും പ്രവർത്തകരും. സ്ഥാനാർത്ഥിക്കും വിജയത്തിൽ ആശങ്ക തെല്ലുമില്ല.

ദേശീയതലത്തിലെ ഉൾപ്പെടെ രാഷ്ട്രീയസാഹചര്യങ്ങളും എം.പിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാരിനെതിരായ വികാരവും അനുകൂലമാകുമെന്നാണ് ബെന്നി ബഹനാനും യു.ഡി.എഫ് നേതാക്കളും പ്രതീക്ഷിക്കുന്നത്.

മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ പ്രൊഫ.സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവവും രാഷ്ട്രീയ സാഹചര്യങ്ങളും അട്ടിമറിവിജയത്തിന് വഴിതെളിക്കുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് എം.പിക്കെതിരായ വികാരവും ട്വന്റി 20 പിടിക്കുന്ന യു.ഡി.എഫ് വോട്ടുകളും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലെ മുസ്ളിംവോട്ടുകളിൽ സാരമായ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പൗരത്വനിയമഭേദഗതി ഉൾപ്പെടെ ദേശീയപ്രശ്നങ്ങൾ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. നിഷ്പക്ഷ വോട്ടുകൾ നേടാൻ പ്രൊഫ. രവീന്ദ്രനാഥിന് കഴിയുന്നതും താഴേത്തട്ടിൽ നടത്തിയ പ്രചാരണവും ഇന്നസെന്റ് നേടിയ വിജയം ആവർത്തിക്കാൻ സഹായിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റത്തിന് കഴിയുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ ലഭിച്ച 15.56 ശതമാനം വോട്ട് വിഹിതം 25 ശതമാനത്തിന് മുകളിലെത്തുമെന്നാണ് വിലയിരുത്തൽ.

പ്രചാരണത്തിൽ വലിയ ആവേശമാണ് സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്‌ണന് ലഭിച്ചത്. കേന്ദ്രസർക്കാർ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. സമുദായ വോട്ടുകൾ സമാഹരിക്കാൻ ബി.ഡി.ജെ.എസ് പ്രതിനിധിയായ ഉണ്ണിക്കൃഷ്‌ണന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്വന്റി 20 പാർട്ടി സ്വാധീനമാണ് രാഷ്ട്രീയ നിരീക്ഷകരെയും മുന്നണികളെയും ആകാംക്ഷയിൽ നിറുത്തുന്നത്. വിജയപരാജയങ്ങളെ നിർണയിക്കുന്ന ഘടകമായി തങ്ങൾ മാറുമെന്നാണ് ട്വന്റി 20 അവകാശപ്പെടുന്നത്. തങ്ങൾക്ക് ശക്തിയുള്ള കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ നിയമസഭാ മണ്ഡലങ്ങളിൽനിന്ന് തങ്ങളുടെ സ്ഥാനാർത്ഥി ചാർളി പോളിന് കാര്യമായ വോട്ടുകൾ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ട്വന്റി 20 നേടുന്ന വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനും ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്വന്റി 20 പിടിക്കുന്ന വോട്ടുകൾ വലിയ ഭീഷണിയാകില്ലെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പരമ്പരാഗത യു.ഡി.എഫ് വോട്ടുകളെ സ്വാധീനിക്കാൻ ട്വന്റി 20ക്ക് കഴിഞ്ഞിട്ടില്ല. കുന്നത്തുനാട് മണ്ഡലത്തിൽ നഷ്ടമാകാവുന്ന വോട്ടുകൾ മറ്റു മണ്ഡലങ്ങളിൽനിന്ന് പരിഹരിക്കാമെന്നാണ് വിലിയിരുത്തപ്പെടുന്നത്.

സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുന്ന ട്വന്റി 20യെ കരുതലോടെയാണ് എൽ.ഡി.എഫ് നേരിടുന്നത്. കുന്നത്തുനാട്ടിൽ നിന്നല്ലാതെ വോട്ടുകൾ ട്വന്റി 20 നേടുകയില്ലെന്നാണ് കണക്ക്. സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ മികവിലൂടെ ട്വന്റി 20യെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ആശങ്ക നിലനിൽക്കുകയാണ്.