council-or-s
അങ്കമാലി നഗരസഭയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിനു മുന്നിൽ കൗൺസിലർമാർ പ്രതിഷേധിക്കുന്നു.

അങ്കമാലി : നഗരസഭ മാ‌ർക്കറ്റിലെ പ്രവർത്തനരഹിതമായ മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവ‌ർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷ കൗൺസിലർമാർ മാർക്കറ്റിൽ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ മാർക്കറ്റിൽ ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് 2023 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് പുഴു അരിച്ച് ദുർഗന്ധം വമിച്ച് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതോടൊപ്പം 2021 ൽ സ്ഥാപിച്ചിട്ടുള്ള ജൈവ മാലിന്യ സംസ്കരണ പ്ലാന്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. വിഷയം കൗൺസിൽ യോഗങ്ങളിലുൾപ്പെടെ പലതവണ ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. വൈ ഏല്യാസ് സമരം ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലക്സി ജോയി കൗൺസിലർമാരായ ഗ്രേസി ദേവസി, മാർട്ടിൻ ബി. മുണ്ടാടൻ, വിൽസൻ മുണ്ടാടൻ, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ,സരിത അനിൽ എന്നിവർ സംസാരിച്ചു. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.