പറവൂർ: ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്‌ക്വാഡ് പറവൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും പറവൂർ ആർ.ടി. ഓഫീസിലും മിന്നൽ പരിശോധന നടത്തി. അന്യായമായി ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുത്തുന്നതായി ചെറായി, വൈപ്പിൻ മേഖലയിലെ ഡ്രൈവിംഗ് സ്കൂളുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ടെസ്റ്റ് നടത്തിയപ്പോൾ ശരാശരി 30 ആയിരുന്ന വിജയ ശതമാനം 20 ആയി താഴ്ന്നു. ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കാനും ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരുടെ ഇടപെടൽ ഒഴിവാക്കാനാനും മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകി.