z
അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിൽ

തൃപ്പൂണിത്തുറ: വീട്ടുമുറ്റത്തെ കിണറ്റിൽവീണ ഉടുമ്പിനെ രക്ഷിക്കാൻ ഇറങ്ങവേ അവശനായ ഗൃഹനാഥനെ തൃപ്പൂണിത്തുറ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഉദയംപേരൂർ 14-ാം വാർഡ് എസ്.എൻ.ഡി.പി സ്കൂളിനുസമീപം മൂന്നുതൈക്കൽ ചന്ദ്രനാണ് (63) കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം.

കിണറ്റിൽ ഇറങ്ങിയ ചന്ദ്രൻ വെള്ളത്തിൽനിന്ന് കയറാനാകാതെ റിംഗിൽപ്പിടിച്ച് അവശനായി കിടക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. കിണറ്റിൽനിന്ന് ഒച്ചകേട്ട് ഓടിയെത്തിയ സുഹൃത്ത് അജയനാണ് ഫയർഫോഴ്സിനെ അറിയിച്ചത്. സേനാംഗങ്ങൾ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ ഇടുങ്ങിയതും 25 അടിയോളം താഴ്ചയും 12 അടിയോളം വെള്ളവുമുള്ള കിണറ്റിൽനിന്ന് ചന്ദ്രനെ മുകളിലേക്ക് ഉയർത്തി രക്ഷപ്പെടുത്തുകയായിരുന്നു. ചന്ദ്രന് പരിക്കൊന്നുമില്ല. ഫയർഫോഴ്സ് എത്തുന്നതിനിടെ ഉടുമ്പ് കിണറ്റിൽനിന്ന് രക്ഷപ്പെട്ടു.

തൃപ്പൂണിത്തുറ ഫയർസ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ, അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.പി. പ്രവീൺകുമാർ, സി.വി. വിപിൻ, എം.ജി. ദിൻകർ, എം.സി. സിൻമോൻ, ഹോംഗാർഡ് എം. ഷിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തന്റെ ജീവൻ രക്ഷിച്ച സേനാംഗങ്ങൾക്ക് ചന്ദ്രൻ നന്ദി പറഞ്ഞു.