 
ആലുവ: ആലുവയിൽ മൂന്ന് മുന്നണികൾക്കും ആവേശകരമായ കൊട്ടിക്കലാശം. പഞ്ചായത്ത് അടിസ്ഥാനത്തിൽ കൊട്ടിക്കലാശം നടത്തിയതിന് പുറമെ ആലുവ, കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകരാണ് ആലുവയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാനെത്തിയത്.
വൈകിട്ട് നാല് മണി മുതൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് എത്തികൊണ്ടിരുന്നു. പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ജില്ലാ ആശുപത്രി എന്നിവിടങ്ങൾ ചുറ്റിയായിരുന്നു കൊട്ടിക്കലാശം. റോഡിന് ഇരുവശവും നൂറുകണക്കിന് ആളുകളാണ് കൊട്ടിക്കലാശം വീക്ഷിക്കാനെത്തിയിരുന്നത്. വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ സമാധാനപരമായാണ് കൊട്ടിക്കലാശം നടന്നത്.
കൊട്ടിക്കലാശ ദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ റോഡ് ഷോയ്ക്ക് ആലുവയിൽ സ്വീകരണം നൽകി. നാലാംമൈൽ, ചുണങ്ങംവേലി, ചൂണ്ടി, ആലുവ റെയിൽവെ സ്റ്റേഷൻ, മാർക്കറ്റ്, ദേശം, അത്താണി എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. പടക്കം പൊട്ടിച്ചും, പൂക്കൾ വിതറിയും, മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും മറ്റു പ്രചാരണ വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.
യു.ഡി.എഫിന്റെ കൊട്ടിക്കലാശത്തിന് അൻവർ സാദത്ത് എം.എൽ.എ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ളാമിനെ പിന്നിലിരുത്തി അൻവർ സാദത്ത് എം.എൽ.എ ബുള്ളറ്റ് ഓടിച്ചാണ് കൊട്ടിക്കലാശത്തെ നയിച്ചത്. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, നസീർ ചൂർണിക്കര, ജെറോം മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ എ. സെന്തിൽകുമാർ, രൂപേഷ് പൊയ്യാട്ട്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, ജനറൽ സെക്രട്ടറി ഹരിദാസ് കീഴ്മാട് എന്നിവർ നേതൃത്വം നൽകി. ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട ചെങ്ങമനാട്, അത്താണി, ശ്രീമൂലനഗരം, പുക്കാട്ടുപടി എന്നിവിടങ്ങളിലും കൊട്ടിക്കലാശം നടന്നു.