കൊച്ചി: ലോക്‌സഭാ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഡൽഹി ലഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്‌സേന സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്‌ച നടത്തി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് സൂചന.

സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ 10ന് ഗവർണറും മേജർ ആർച്ച് ബിഷപ്പും അരമണിക്കൂർ സംഭാഷണം നടത്തി. സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രാഷ്ട്രീയം ചർച്ച ചെയ്തി​ല്ലെന്നും സഭ അറിയിച്ചു. ഗവണർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഗവർണർ എത്തുന്ന വിവരം ബി.ജെ.പി സംസ്ഥാന നേതാക്കളെപ്പോലും അറിയിച്ചിരുന്നില്ല. സഭകളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് മുതിർന്ന ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ലഫ്‌റ്റനന്റ് ഗവർണർ എത്തിയതെന്നാണ് പറയപ്പെടുന്നത്.

കോട്ടയത്ത് ഇന്നലെ ഓർത്തഡോക്സ് സഭ തലവൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനെ കാണുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നടന്നില്ല. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ഇന്നലെ കോട്ടയത്ത് ഉണ്ടായിരുന്നില്ല.