
കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ ശേഖരണത്തിന് ഇനി പുതിയ 15 കോംപാക്ടർ വാഹനങ്ങളെത്തും. 29 കോടിയോളം രൂപ സി.എസ്.എം.എല്ലിന്റെ ഫണ്ട് ഉപയോഗിച്ചാണ് വാഹനം വാങ്ങുക. ഇതിന്റെ സപ്ലൈ ഓർഡറുകളും നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം 15 കോംപാക്ടറുകളും എത്തുമെന്നാണ് പ്രതീക്ഷ.ഡ്രൈവർമാരെയും ഇന്ധനവും അഞ്ചു കൊല്ലത്തേക്ക് കോംപാക്ടർ സപ്ലൈ ചെയ്യുന്ന അതേ കമ്പനി തന്നെ നൽകും. വലിയ നഗരങ്ങളിൽ മാലിന്യം കൊണ്ടുപോകുന്നത് കോംപാക്ടർ ലോറികളിലാണ്.
നഗരസഭയ്ക്ക് നിലവിലുള്ള കോംപാക്ടറുകൾ നന്നാക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. നഗരസഭയുടെ കൈവശമുള്ള കോംപാക്ടറുകളും പുതിയതായി വരുന്ന കോംപാക്ടറുകളും തയ്യാറാകുന്നതോടെ ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം പൂർണമായും ശാസ്ത്രീയമാകും.
നേരത്തെ കൊച്ചി നഗരസഭയ്ക്ക് 10ൽ അധികം കോംപാക്ടറുകൾ ഉണ്ടായിരുന്നു. ഇതിൽ പലതും പ്രവർത്തിക്കാത്തത് ഹൈക്കോടതിയുടെ വിമർശനത്തിനും ഇടയാക്കിയിരുന്നു. കോംപാക്ടറുകൾ കേടാകുന്നതും കൃത്യസമയത്ത് റിപ്പയർ നടത്താതെയും നശിക്കുന്നതുമായിരുന്നു പതിവ്. ഇതിനെതിരെ പലവട്ടം ഓഡിറ്റ് റിപ്പോർട്ടും വന്നിരുന്നതാണ്. വാടകയ്ക്ക് ലോറി എടുക്കുന്നതിനേക്കാൾ സ്വന്തം കോംപാക്ടറുകളിൽ മാലിന്യം കൊണ്ടുപോകണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
മാലിന്യ നീക്കത്തിന് വാടകലോറികൾ ഉപയോഗിക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണ് പതിറ്റാണ്ടുകൾ നടന്നുവന്നത്. ലോഡുകൾ എത്ര എത്തുന്നു എന്നതും മാലിന്യത്തിന്റെ തൂക്കം കണക്കാക്കുന്നതിലും വലിയ ക്രമക്കേടുകളും ഉണ്ടായിരുന്നതായാണ് ആരോപണം. കോംപാക്ടറുകൾ വരുന്നതോടെ ഇതെല്ലാം ഒഴിവാകും.
മേന്മയേറെ
ഹൈഡ്രോളിക് സംവിധാനം കൊണ്ട് തള്ളി അമർത്തുന്നതിനാൽ സാധാരണ ലോറിയേക്കാൾ അഞ്ചും ആറും ഇരട്ടി മാലിന്യം കോംപാക്ടർ ലോറിയിൽ കയറ്റാം.
മലിനജലം ലോറിയിൽ തന്നെയുള്ള ടാങ്കിൽ ശേഖരിക്കുന്നതിനാൽ റോഡിലേക്ക് ഒരു തുള്ളി പോലും വീഴില്ല. ലോറി പോകുമ്പോൾ ദുർഗന്ധവും ഉണ്ടാകില്ല. നഗരസഭയ്ക്ക് സാമ്പത്തിക ലാഭവും മനുഷ്യർക്ക് ദുർഗന്ധം ഇല്ലാതെ റോഡിലൂടെ സഞ്ചരിക്കാനും സാധിക്കും. വാഹനത്തിൽ നിന്ന് റോഡിലേക്ക് മലിനജലം വീണ് അപകടം ഉണ്ടാവുന്ന സാഹചര്യവും ഒഴിവാക്കാൻ സാധിക്കും.
നഗരസഭയ്ക്ക് കോടികളുടെ ലാഭമാണ് ഇതിലൂടെ ഉണ്ടാകുന്നത്. വാഹനങ്ങൾ കട്ടപ്പുറത്താകുന്ന സാഹചര്യവും എന്തെങ്കിലും തകരാർ വന്നാൽ പരിഹരിക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാകും.
ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം പൂർണമായും ശാസ്ത്രീയമാകും