മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എൽ.ഡി.വൈ.എഫിന്റെ ഡി .ജെ റോഡ് ഷോയ്ക്കിടെ സംഘർഷം. യൂത്ത് വിത്ത് ജോയ്സ് ഡി ജെ റോഡ് ഷോയുടെ സമാപന യോഗം ചേരുന്ന ചാലിക്കടവ് കവലയിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവർ ആക്രമണം നടത്തുകയായിരുന്നെന്ന് സംഘാടകർ ആരോപിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ .എസ്. ബിജിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഘർഷം. നിരവധി എൽ.ഡി.വൈ.എഫ് പ്രവർത്തകർക്ക് മർദനമേറ്റു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഇ. ബി. രാഹുൽ പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.