പറവൂർ: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന അങ്കമായ കൊട്ടിക്കലാശത്തിന് പറവുർ നഗരത്തിൽ ആവേശകരമായ സമാപനം. വൈകിട്ട് മൂന്ന് മണിയോടെ പണ്ടേമുതലുള്ള സമാപന കേന്ദ്രമായ നമ്പൂരിയച്ചൻ ആലിന് പരിസരത്തേക്ക് മുന്നണികളുടെ പ്രചാരണ വാഹനങ്ങൾ എത്തിത്തുടങ്ങി. ആൽത്തറയുടെ പടിഞ്ഞാറ് ഭാഗത്ത് എൽ.ഡി.എഫ് പ്രവർത്തകരും കിഴക്കുഭാഗത്ത് യു.ഡി.എഫ് പ്രവർത്തകരും തെക്കുഭാഗത്തായി എൻ.ഡി.എയുടെ പ്രവർത്തകരും ഇടംപിടിച്ചു. മൂന്ന് മുന്നണികളുടേയും പ്രചരണ വാഹനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഗാനങ്ങൾ എത്തിയതോടെ പ്രവർത്തകർ ആവേശനൃത്തം ചവിട്ടി. രാഷ്ട്രീയ പാർട്ടികളുടെ വലിയ പതാകകൾ പ്രവർത്തകർ വാനിൽ ഉയർന്നു വീശികൊണ്ടിരുന്നു. നാസിക്ഡോളും, ചെണ്ടമേളവും, ബാൻഡ് മേളവും കാവടിയാട്ടവുമെല്ലാം നഗരത്തെ ഉത്സവലഹരി പകർന്നു. പ്രവർത്തകരുടെ ആവേശം അതിരുവിടാതിരിക്കാൻ പൊലീസും സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. കൃത്യം ആറിന് പ്രചരണം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങി. കൊട്ടിക്കലാശം കാണാൻ നിരവധി നമ്പൂരിയൻ ആലിന് സമീപത്തെത്തിയിരുന്നു.