painting

കൊച്ചി: ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ നടന്ന ദേശീയ പെയിന്റിംഗ് ശില്പശാലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 കലാകാരന്മാർ പങ്കെടുത്തു. ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ഗോവ എന്നിവടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സർഗാത്മക സൃഷ്ടികൾ വേറിട്ട അനുഭവമാണ് കാഴ്ച്ക്കാർക്ക് സമ്മാനിച്ചത്. സമാപന ദിവസം നടന്ന പെയിന്റിംഗ് പ്രദർശനവും ശ്രദ്ധേയമായി. വിവിധ സംസ്‌കാരത്തിൽ ജീവിക്കുന്നവരുടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും ആശയങ്ങളുമായിരുന്നു ഓരോ ചിത്രങ്ങളിലും പ്രതിഫലിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിക്കാനും ആശയവിനിമയം നടത്താനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചത്. ഇന്നവേഷൻ, ക്രിട്ടിക്കൽ തിങ്കിംഗ്, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കലയുടെ പ്രാധാന്യം വലുതാണെന്ന് ജയിൻ ഡീംഡ് ടുബി യൂണിവേഴ്‌സിറ്റി ആർട്ട് ആൻഡ് ഡിസൈൻ ഡീൻ ഡോ. അവിനാഷ് കേറ്റ് പറഞ്ഞു. ജയിൻ ഡീംഡ് ടുബി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ.ജെ. ലത, ജയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എക്‌സാമിനേഷൻ ജോയിന്റ് കൺട്രോളർ ഡോ. കെ. മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.