വൈപ്പിൻ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ വൈകീട്ട് ചെറായി ദേവസ്വം നടയിലെ കലാശക്കൊട്ട് പ്രവർത്തകർക്കും കാഴ്ചക്കാർക്കും ആവേശമായി. നൂറ് കണക്കിന് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ 3 മണിയോടെ ജംഗ്ഷനിൽ എത്തി. ചെണ്ടമേളം, ബാന്റ്, വലിയ കൊടികൾ എന്നിവ കലാശക്കൊട്ടിന് മാറ്റുകൂട്ടി. മുനമ്പം സി.ഐ, 5 എസ്.ഐ മാർ ഉൾപ്പെടെ 25 പേർ അടങ്ങിയ പൊലീസ് സംഘം പ്രവർത്തകരെ നിയന്ത്രിക്കാനും വാഹനങ്ങൾ കടത്തിവിടാനും സ്ഥലത്ത് ഉണ്ടായിരുന്നു. വടക്കും പടിഞ്ഞാറും അണിനിരന്നവർ സംയമനം പാലിച്ചപ്പോൾ തെക്കുഭാഗത്ത് നേരിയ സംഘർഷമുണ്ടായി. സി.ഐ ഉൾപ്പെടെയുള്ളവർ സംഘർഷത്തിന് ഇടയിൽപ്പെട്ടെങ്കിലും പൊലീസും നേതാക്കളും ഇടപെട്ട് സ്ഥിതി നിയന്ത്രണാധീനമാക്കി. സമയപരിധിയായ 6 മണിക്ക് തന്നെ എല്ലാവരും പിരിഞ്ഞുപോയി.