
കൊച്ചി: റോഡ് ഷോകളും ബാൻഡ് മേളങ്ങളും ചെണ്ട മേളങ്ങളും ബൈക്ക് റാലികളും കരകാട്ടവും കാവടിയാട്ടവുമൊക്കെയായി നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ, ആവേശത്തിമിർപ്പിൽ നടന്ന കലാശക്കൊട്ടോടെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പരസ്യപ്രചാരണത്തിന് സമാപനം. ഇന്ന് വീടുകൾ കയറിയിറങ്ങിയും പ്രമുഖരെ ഒരിക്കൽ കൂടി നേരിൽ സന്ദർശിച്ചും സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കും.
ഹൃദയത്തിൽ ഹൈബി എന്നെഴുതിയ നൂറ് കണക്കിന് പ്ലക്കാർഡുകളുടെ അകമ്പടിയിലാണ് യു.ഡി.ഫ് സ്ഥാനാർത്ഥി ബൈഹി ഈഡന്റെ കൊട്ടിക്കലാശം അരങ്ങു തകർത്തത്. മണപ്പാട്ടിപ്പറമ്പിൽ നിന്ന് ആരംഭിച്ച തുറന്ന ജീപ്പിലെ റോഡ് ഷോയിൽ ഹൈബിക്കൊപ്പം രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയുമെത്തിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമെത്തി. ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്, ഉമ തോമസ് എം.എൽ.എ എന്നിവരുടെയൊപ്പമാണ് സ്ഥാനാർത്ഥി ടൗൺഹാൾ പരിസരത്തേക്ക് എത്തിയത്. ഹൈബിയുടെ ഭാര്യ അന്നയും മകൾ ക്ലാരയും പ്രവർത്തകരുടെ ആവേശത്തിനൊപ്പം താളം പിടിച്ചു.
രാവിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പൂത്തോട്ടയിൽ നിന്ന് അനവധി വാഹനങ്ങളുടെയും നൂറ് കണക്കിന് പ്രവർത്തകരുടെയുമെല്ലാം അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയ്ക്ക് ശേഷമായിരുന്നു ഇടതു സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ കൊട്ടിക്കലാശം. റോഡ് ഷോ തൃക്കാക്കര, കൊച്ചി, എറണാകുളം, വൈപ്പിൻ, പറവൂർ, തൃപ്പൂണിത്തുറ, കളമശ്ശേരി മണ്ഡലത്തിലൂടെ പാലാരിവട്ടത്തെത്തിയത്. ക്രെയിനിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ്ഫോമിൽ കയറി സ്ഥാനാർത്ഥി അഭിവാദ്യം ചെയ്തതോടെ സ്ഥാനാർത്ഥികളുടെ ആവേശം അണപൊട്ടി.
ഡസൺ കണക്കിന് അനൗൺസ്‌മെന്റ് വാഹനങ്ങളുടെയും വാദ്യ-മേള ഘോഷങ്ങളുടെയും നരേന്ദ്രമോദിയുടെ മുഖംമൂടി ധരിച്ച പ്രവർത്തകരുടെയും അകമ്പടിയോടെയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ കൊട്ടിക്കലാശ ഘോഷയാത്ര. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിയെ ഹാരമണിയിച്ചും പൂക്കൾ നൽകിയുമെല്ലാം പ്രവർത്തകർ സ്വീകരിച്ചുയ പള്ളിമുക്കിലെ ബി.ജെ.പി ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മാധവ ഫാർമസി ജംഗ്ഷനിലെത്തിയാണ് സമാപിച്ചത്.
കങ്ങരപ്പടിയിൽ വൈകിട്ട് നാല് മുതൽ ആറു വരെയായിരുന്നു ട്വന്റി-20 സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡിയുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ആവേശഭരിതം ചാലക്കുടി
കൊച്ചി: എൽ.ഡി.എഫും എൻ.ഡി.എയും അങ്കമാലിയിലും യു.ഡി.എഫ് ചാലക്കുടിയിലും ട്വന്റി 20 കോലഞ്ചേരിയിലും ആവേശം മുറ്റിനിന്ന പ്രചാരണം അവസാനിപ്പിച്ച് കരുത്തുകാട്ടി. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും കലാശക്കൊട്ടിൽ അണിനിരന്നു.
ചാലക്കുടിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ചുറ്റിയ മെഗാ റോഡ് ഷോക്ക് ശേഷമായിരുന്നു അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം.
ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡിൽ നിന്ന് റാലിയായാണ് സ്ഥാനാർത്ഥി ബെന്നി ബഹനാനൊപ്പം യു.ഡി.എഫിന്റെ നേതാക്കളും അണിനിരന്നത്. ബെന്നി ബഹനാൻ ക്രെയിനിൽ കയറി മൂവർണ കൊടി വാനിലിയുർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ചെണ്ടമേളവും ബാന്റ് സെറ്റും നാസിക്ക് ഡോലും മാറ്റുകൂട്ടി.
ചാലക്കുടിക്ക് പുറമെ അങ്കമാലി, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കാലടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും പ്രവർത്തകർ കൊട്ടിക്കലാശം ആഘോഷമാക്കി.
അങ്കമാലി ജംഗ്ഷനിലായിരുന്നു എൻ.ഡി.എയുടെ പ്രചാരണ സമാപനം. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണനൊപ്പം ബി.ജെ.പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, പി.എം. വേലായുധൻ തുടങ്ങിവരുമെത്തി. നൂറുകണക്കിന് പ്രവർത്തകരും പ്രചാരണ സമാപനത്തിന് കൊഴുപ്പേകി.
ട്വന്റി 20 പാർട്ടി കോലഞ്ചേരിയിലാണ് കൊട്ടിക്കലാശം ഒരുക്കിയത്. സ്ഥാനാർത്ഥി ചാർളി പോളിനൊപ്പം പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബും റോഡ് ഷോയിൽ പങ്കെടുത്തു. പാർട്ടി ചീഫ് ഇലക്ഷൻ ഏജന്റുമാരായ കെ. ഗോപകുമാർ, ജിബി എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.