ernakulam

കൊച്ചി: വോട്ടെടുപ്പ് ഒരുദിനം മാത്രം അവശേഷിക്കെ എറണാകുളത്ത് മൂന്ന് മുന്നണികളും തികഞ്ഞ ആത്മ വിശ്വാസത്തിൽ. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി കെ.ജെ. ഷൈനും കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലത്തിലെ നേട്ടങ്ങൾ ഉയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണനും വോട്ടു തേടി.

സമുദായ സമവാക്യങ്ങളാണ് എറണാകുളം മണ്ഡലത്തിലെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. രാജ്യസഭയിലെ മിന്നും പ്രകടനവുമായി തന്നെ നേരിടാനെത്തിയ സി.പി.എമ്മിലെ കരുത്തനായ പി. രാജീവിനെ 1,69,153 വോട്ടുകൾക്കാണ് ഹൈബി പരാജയപ്പെടുത്തിയത്. നിർണായകമായത് സമുദായ വോട്ടുകളാണെന്നായിരുന്നു അന്ന് ഇരു മുന്നണികളുടെയും വിലയിരുത്തൽ. അതിനാൽ തന്നെയാണ് ഇത്തവണ ഇടതുപക്ഷം അദ്ധ്യാപികയായ കെ.ജെ. ഷൈനെ രംഗത്തിറക്കിയത്.

ഹൈബി കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തിൽ 60,000 മുതൽ 80,000വരെ വോട്ടുകൾ തിരികെ പിടിക്കാനായാൽ മണ്ഡലം പിടിക്കാമെന്നാണ് ഇടതു കണക്ക്. എന്നാൽ, എൽ.ഡി.എഫ് അനുകൂല മേഖലകളിൽ ഉൾപ്പെടെ കടന്നുകയറാൻ ഹൈബിക്കായെന്നും ഇത്തരത്തിൽ അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് വോട്ട് സമാഹരിക്കാനായാൽ ഭൂരിപക്ഷം 1,80,000 കടക്കുമെന്നും യു.ഡി.എഫ് ക്യാമ്പ് ഉറപ്പിക്കുന്നു.

കഴിഞ്ഞ തവണ അൽഫോൺസ് കണ്ണന്താനത്തിലൂടെ നേടിയ 1,37,749 വോട്ടുകൾ ഇത്തവണ ഡോ.കെ.എസ്. രാധാകൃഷ്ണന് മറികടക്കാനാകുമെന്നും അദ്ദേഹത്തിന് മണ്ഡലത്തിലുള്ള വ്യക്തി ബന്ധം ഇടതു-വലതു കോട്ടകളിലെ ഉറച്ച വോട്ടുകളിൽ പോലും വിള്ളലുണ്ടാക്കുമെന്നുമാണ് ബി.ജെ.പി കണക്കുക്കൂട്ടൽ.

പ്രചാരണ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നെങ്കിലും മൂന്ന് മുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ തക്ക വോട്ടുകൾ ട്വന്റി-20ക്കില്ല എന്നതും മുന്നണികൾക്ക് ആശ്വാസമാണ്.

സാമുദായിക സമവാക്യം

ജനസംഖ്യയുടെ 53 ശതമാനം വരുന്ന ക്രൈസ്തവരാണ് മണ്ഡലത്തിൽ. അതിൽ 45 ശതമാനം വരും ലത്തീൻ സമുദായ വോട്ട്. ഫലം നിർണയിക്കുന്നത് ഈ വോട്ടുകളാണ്. ജനസംഖ്യയുടെ 36.21 ശതമാനമാണ് ഹൈന്ദവ വോട്ടർമാർ. കൂടുതലും നായർ സമുദായാംഗങ്ങൾ. കോൺഗ്രസ് അനുഭാവമാണ് ഈ വിഭാഗത്തിൽ കൂടുതൽ. 15.67 ശതമാനമുള്ള മുസ്ലീം വോട്ടുകളും പ്രധാനമാണ്. സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾക്കും പ്രാധാന്യമുണ്ട്.