കൊച്ചി: എറണാകുളത്ത് ജോലി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന വേണാട് എക്സ്‌പ്രസ് ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കുന്ന തീരുമാനത്തിൽ പ്രതിഷേധം ശക്തം. ട്രെയിനിന്റെ സമയക്രമീകരണത്തിനായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്കാരം. എറണാകുളം ജംഗ്ഷനിൽ എത്തുന്നവർക്ക് മറ്റൊരു ബദൽ മാർഗം ഒരുക്കാതെയാണ് ട്രെയിനിന്റെ സ്റ്റോപ്പ് നിറുത്തലാക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ ഭാരവാഹികൾ ആരോപിക്കുന്നു.

രാവിലെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12.17ന് ഷൊർണൂരിലെത്തണം. തൃപ്പൂണിത്തുറയിൽ നിന്ന് 9.20ന് പുറപ്പെട്ടാൽ 9.40ന് എറണാകുളം ജംഗ്ഷനിൽ വരും. പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം ഔട്ടറിൽ പിടിച്ചാൽ അതും പ്രയോജനപ്പെടുത്തുന്നവരുണ്ട്. എങ്ങനെയാണെങ്കിലും 10 മണിക്ക് മുമ്പായി വേണാട് സ്റ്റേഷനിലെത്തും.

 മെട്രോയിൽ ചെലവേറും

ട്രെയിനിന്റെ ജംഗ്ഷനിലെ സ്റ്രോപ്പ് നിറുത്തലാക്കുമ്പോൾ ഇതിലും വലിയ സമയ നഷ്ടമാണ് യാത്രക്കാ‌ർക്ക് ഉണ്ടാകുന്നത്. തൃപ്പൂണി​ത്തുറയി​ൽ ഇറങ്ങി​ നഗരത്തി​ലേക്ക് പോകാമെന്നു വച്ചാലും പ്രതി​സന്ധി​യാണ്. രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറയിലെത്തുന്ന യാത്രക്കാരാൻ മെട്രോ സ്റ്റേഷനിലെത്തി രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തുമ്പോൾ കുറഞ്ഞത് 15 മിനിറ്റ് എടുക്കും. 7 മിനിറ്റ് ഇടവേളകളിലാണ് മെട്രോ സർവീസ്. മെട്രോ സൗത്ത് സ്റ്റേഷനിലെത്താൻ 14 മിനിറ്റ് സമയമെടുക്കും. വേണാടിനുള്ള ടിക്കറ്റും മെട്രോയ്ക്കുള്ള 30 രൂപ ടിക്കറ്റും കൂടി കണക്കുകൂട്ടിയാൽ രണ്ട് വശത്തേക്കുള്ള ഒരുദിവസത്തെ യാത്രക്ക് പണച്ചെലവും ഏറെയാണ്. വേണാടിന് യാത്രക്കാർ കൂടുതലുള്ളത് എറണാകുളം ജംഗ്ഷനിലേയ്ക്കാണ്. ഇതുകൊണ്ടുതന്നെ എറണാകുളം ജംഗ്ഷൻ ഒഴിവാക്കാനുള്ള റെയിൽവേയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടന പറഞ്ഞു.

മെമു വന്നേ മതിയാകു

വേണാടിനും പാലരുവിക്കും ഇടയിൽ ഒന്നരമണിക്കൂറിലേറെയാണ് ഇടവേള. ഇതിനിടയിൽ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. രണ്ട് ട്രെയിനുകളിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിന് മെമു അനിവാര്യമാണ്. അത്യാവശ്യക്കാർ മെമു പ്രയോജനപ്പെടുത്തുമ്പോൾ വേണാട് ജംഗ്ഷൻ സ്റ്റോപ്പ് ഒഴിവാക്കുന്നതിൽ തെറ്റില്ല. ജംഗ്ഷനിൽ ഒരു പ്ലാറ്റ് ഫോമിൽ തന്നെ 2 മെമുവിനെ അനുവദിക്കാറുണ്ട്. എഞ്ചിൻ മാറ്റിഘടിപ്പിക്കുന്നത് പോലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ ഓപ്പറേഷൻ താമസപ്പെടുത്തുന്നില്ലെന്നും സംഘടന പറഞ്ഞു.

മറ്രൊരു ബദൽ മാർഗമില്ലാതെ വേണാടിന്റെ സ്റ്റോപ്പ് നിറുത്തുന്നത് അംഗീകരിക്കില്ല. അല്ലെങ്കിൽ ഇതിനിടയിൽ മെമു സ‌ർവീസ് ആരംഭിക്കണം

ജെ. ലിയോൺസ്

സെക്രട്ടറി

ഫ്രണ്ട്സ് ഓൺ റെയിൽ