
രാജ്യത്തെ ഐ.ഐ.ടികൾ, ഐ.എസ്.ഇ.ആർ, എൻ.ഐ.എസ്.ഇ.ആർ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മേയ് 26ന് നടക്കും. മേയ് 7 വരെ അപേക്ഷിക്കാം. മേയ് 10 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. വെബ്സൈറ്റ്: https://jeeadv.ac.in.
കഴിഞ്ഞ ദിവസം ജെ.ഇ.ഇ മെയിൻ സെഷൻ 2 പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. പെർസെന്റൈൽ സ്കോർ 100 മുതൽ 93.2362181 വരെ നേടിയവരാണ് ജനറൽ വിഭാഗത്തിൽ ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹർ. സംവരണ വിഭാഗങ്ങളുൾപ്പടെ ഏകദേശം 2.5 ലക്ഷത്തോളം പേർ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യരാണ്.
100 സ്കോർ നേടി 56 പേർ
.......................
ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജെ.ഇ.ഇ മെയിൻ സെഷൻ 2 പരീക്ഷയിൽ രാജ്യത്തൊട്ടാകെ 56 പേർ 100 പെർസെന്റൈൽ സ്കോർ നേടി. ജെ.ഇ.ഇ മെയിൻ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.ടികളിലേക്കുള്ള പ്രവേശനം.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫലമനുസരിച്ച് ഹാഫിസ് റഹ്മാൻ എലിക്കോട്ടിലാണ് കേരളത്തിൽ ജെ.ഇ.ഇ മെയിനിൽ ഒന്നാം സ്ഥാനത്തെത്തിയത് (99.9925213 എൻ.ടി.എ സ്കോർ). 197ആണ് ഓൾ ഇന്ത്യാ തലത്തിൽ ഹാഫിസ് റഹ്മാന്റെ റാങ്ക്. ജെ.ഇ.ഇ മെയിൻ ഫലമറിയാനും വിശദ വിവരങ്ങൾക്കും https://jeemain.nta.ac.in കാണുക.
എം.ഫാം പ്രവേശനം: GPAT പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഡോ.ടി.പി. സേതുമാധവൻ
ബി.ഫാം പൂർത്തിയാക്കിയവർക്ക് എം.ഫാം പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (GPAT 2024) അപേക്ഷിക്കാം. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (NBEMS) ആണ് പരീക്ഷ നടത്തുന്നത്. അപേക്ഷകർ നാലുവർഷത്തെ ബി.ഫാം കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ജൂൺ എട്ടിനാണ് പരീക്ഷ
ദേശീയ തലത്തിൽ 800 ഓളം ഫാർമസി സ്കൂളുകളിലെ പ്രവേശനത്തിന് GPAT സ്കോർ ആവശ്യമാണ്. എല്ലാ AICTE സ്ഥാപനങ്ങളും സ്കോർ അംഗീകരിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. 125 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരു ചോദ്യത്തിന് 4 മാർക്ക് വീതം ആകെ 500 മാർക്ക്. നെഗറ്റീവ് മാർക്കിംഗ് നിലവിലുണ്ട്. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ഫാർമക്കോളജി, ഫാർമസ്യൂട്ടിക്സ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. അപേക്ഷ ഓൺലൈനായി മേയ് 8 വരെ സമർപ്പിക്കാം. www.natboard.edu.in.
NIPER -JEE 2024 പരീക്ഷ ജൂലായ് 13 ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് (NIPER) ബിരുദാനന്തര, ഡോക്ടറൽ പ്രവേശനത്തിനുള്ള ജോയിന്റ് പ്രവേശന പരീക്ഷ NIPER -JEE 2024- ന് അപേക്ഷ ക്ഷണിച്ചു. മേയ് 24 വരെ അപേക്ഷിക്കാം. അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, ഹാജിപ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥാപനങ്ങളുണ്ട്. ജൂലായ് 13നാണ് പരീക്ഷ. ഇതിലൂടെയും എം.ഫാമിന് പ്രവേശനം നേടാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ബി.ഫാം പൂർത്തിയാക്കിയവർക്കും ജി.പാറ്റ് സ്കോറുള്ളവർക്കും അപേക്ഷിക്കാം. 60 ശതമാനം മാർക്ക് നേടിയിരിക്കണം. www.niperguwahati.ac.in.