
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുന്ന ജില്ലയെന്ന ഖ്യാതിയുമായി എറണാകുളത്തെ 26.35ലക്ഷം വോട്ടർമാർ ഇന്ന് വിധിയെഴുതും. എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം ലോക്‌സഭ മണ്ഡലങ്ങളിലാണ് ജില്ലയ്ക്ക് പ്രാതിനിദ്ധ്യമുള്ളത്.
കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാർ എറണാകുളം ലോക്‌സഭ മണ്ഡലത്തിലും പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാർ ചാലക്കുടി മണ്ഡലത്തിലും മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കിയിലും പിറവത്തെ വോട്ടർമാർ കോട്ടയം ലോക്‌സഭ മണ്ഡലത്തിലും വിധിയെഴുതും.
ജില്ലയിൽ ആകെ 2294 പോളിംഗ് സ്‌റ്റേഷനുകളുണ്ട്. 658 എണ്ണം നഗരപ്രദേശത്തും 1636 ബൂത്തുകൾ ഗ്രാമീണമേഖലയിലുമാണ്. ഭിന്നശേഷിക്കാരുടെ സൗകര്യം പരിഗണിച്ച് എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. 2080 ബൂത്തുകളിൽ റാമ്പും ഒരുക്കിയിട്ടുണ്ട്. ആദിവാസി ഊരുകളിലെ 6 എണ്ണം ഉൾപ്പെടെ 7 ബൂത്തുകളിൽ രൂക്ഷമായ യാത്രാക്ളേശം ഉള്ളവയാണ്. എന്നാൽ പ്രശ്നബാധിത ബൂത്തുകൾ ഒന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
* കൂടുതലും സ്ത്രീ വോട്ടർമാർ
വോട്ടർമാർ: ആകെ. 26,34, 765
സ്ത്രീകൾ: 13,52,692 (51.34 %)
പുരുഷന്മാർ: 12,82,060 (48.66 %)
ട്രാൻസ്‌ജെൻഡർ: 13
* 14577 പേർ വീടുകളിൽ വോട്ട് ചെയ്തു
ജില്ലയിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 14,577 പേർ വീടുകളിൽ വോട്ട് ചെയ്തു. 85വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 10,755 പേരും ഭിന്നശേഷിക്കാരായ 3101 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസർവീസിലെ തപാൽബാലറ്റ് വോട്ടെടുപ്പിൽ 721 പേർ വോട്ടുചെയ്തു.
* യാത്രാദുരിതമുള്ള ബൂത്തുകൾ
മെട്രോ നഗരത്തിൽനിന്ന് വിളിപ്പാട് അകലമേയുള്ളുവെങ്കിലും എറണാകുളം മണ്ഡലത്തിലെ കുറുങ്കോട്ട ദ്വീപ് ഇന്നും യാത്രാദുരിതത്തിലാണ്. ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽപ്പെട്ട ഇവിടെ 262 വോട്ടർമാരാണുള്ളത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ബൂത്തിലെത്താനുള്ള ഏകമാർഗം വള്ളമാണ്.
ചാലക്കുടി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പൊങ്ങൻചുവട് (235), ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ താളുംകണ്ടം (99), തലവച്ചപാറ (426), തേരക്കുടി (61), കുഞ്ചിപ്പാറ (258), വാരിയംകുടി (168) എന്നീ ബൂത്തുകളും അതീവദുർഘടമേഖലയിലാണ്. പോളിംഗ് ഉദ്യോഗസ്ഥർ പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തുതാണ്ടി വന്യമൃഗസാന്നിദ്ധ്യമുള്ള വനപാതയിലൂടെ 8 കിലോമീറ്റർ ജീപ്പിൽ യാത്രചെയ്തുവേണം തലവച്ചപാറ, കുഞ്ചിപ്പാറ കോളനികളിൽ എത്താൻ. ഇടമലയാർ കടന്ന് 5 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തുവേണം താളുംകണ്ടത്ത് എത്താൻ. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും അപ്രാപ്യമായ ആദിവാസി കോളനികളാണ് ഇവയിലേറെയും.
വോട്ടെണ്ണൽ: ജൂൺ 4
വോട്ടെണ്ണൽ കേന്ദ്രങ്ങൾ: എറണാകുളം : കുസാറ്റ്, കളമശേരി
ചാലക്കുടി : ആലുവ യു.സി കോളേജ്