തൃപ്പൂണിത്തുറ: വഴിയോരമാണ് അംഗപരിമിതരായ അഭിലാഷ് - അശ്വതി ദമ്പതികളുടെ തൊഴിലിടം. അഭിലാഷിന് കാഴ്ചയില്ല. അശ്വതിക്ക് നടക്കാനും പ്രയാസം. ഭാഗ്യക്കുറി വില്പനയാണ് സൗത്ത് പറവൂരിൽ താമസിക്കുന്ന ഇവരുടെ ജീവിതമാർഗം.
കൊച്ചി- കോട്ടയം സംസ്ഥാനപാതയിൽ ചൂരക്കാട് ഭാഗത്ത് ഇവരുണ്ടാകും. വലിയൊരു കുടചൂടി തെരുവിലെ ശബ്ദങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അഭിലാഷും അരികെ പ്ലാസ്റ്റിക് സ്റ്റൂളിൽ അശ്വതിയും. വീട്ടിൽ ഇവർ തിരിച്ചെത്തുന്നതും കാത്ത് അരുമ മകൾ ഗൗരീകൃഷ്ണയുണ്ട്. മാതാപിതാക്കൾ വീട്ടിൽനിന്നിറങ്ങിയാൽ മുത്തച്ഛന്റേയും മുത്തശിയുടേയും സംരക്ഷണയിലാണ് ഗൗരി. സൗത്ത് പറവൂർ ഹോളിഫാമിലി സ്കൂളിൽ ഒന്നാംക്ലാസിൽ ചേരാനൊരുങ്ങുകയാണ് ഗൗരി. ലോട്ടറി വിറ്റുതീർന്നാലുടൻ ദമ്പതികൾ മകൾക്കരികിലേക്ക് മടങ്ങും.
പരിമിതികൾക്കിടയിലും സ്വന്തംനിലയിൽ തൊഴിൽചെയ്ത് ജീവിക്കാനുള്ള ദമ്പതികളുടെ മനസിനെ ലോട്ടറി വാങ്ങാനെത്തുന്നവരെല്ലാം പ്രശംസിക്കാറുണ്ട്.
അതേസമയം അധികൃതരുടെ ഭാഗത്തുനിന്ന് അവഗണനയാണെന്ന് അഭിലാഷ് പറയുന്നു. അച്ഛൻ വീതംവച്ച് നൽകിയ രണ്ടരസെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് മുട്ടായുക്തി പറഞ്ഞ് തള്ളി. കണ്ണുകാണാത്ത അഭിലാഷ് പഞ്ചായത്തിന്റെ പടി കയറിയിറങ്ങിയതും വെറുതേയായി. ഇരുവർക്കും സർക്കാരിന്റെ വികലാംഗ പെൻഷൻ ലഭിക്കുന്നുണ്ട്. പെൻഷൻ മുടങ്ങുന്ന അവസരത്തിൽ ദൈനംദിനച്ചെലവ് താളംതെറ്റും. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇരുവരും ജീവിതത്തിൽ കൈപിടിച്ചത് ഏഴുവർഷം മുമ്പാണ്. ചന്തിരൂർ സ്വദേശിനിയാണ് അശ്വതി.
* വിൽക്കുന്നത് 120 ലോട്ടറിവരെ
ദിവസം 120 ഭാഗ്യക്കുറികൾ വരെയാണ് അഭിലാഷും അശ്വതിയും വില്പനയ്ക്ക് എത്തിക്കുന്നത്. കൈവശം ഫണ്ട് കുറവുള്ളപ്പോൾ അത് എൺപതോ നൂറോ ആയി കുറയും.