poling
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കറ്ററി സ്ക്കൂളിൽ നിന്നും ഉദ്യോഗസ്ഥർ പോളിങ്ങ് സാമഗ്രഹികൾ ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട മൂവാറ്റുപുഴ അസംബ്ളി നിയോജക മണ്ഡലം വോട്ടെടുപ്പിന് പൂ‌ർണ സജ്ജമായി. 153 ബൂത്തുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രികൾ മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതാത് പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ച് ചുമതല ഏറ്റെടുത്തിരുന്നു. വോട്ടിങ്ങ് മെഷീന് പുറമെ 92പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്. ഒന്ന് മുതൽ അഞ്ച് വരെ പോളിംഗ് ബൂത്തുകളുള്ള 92 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇന്നലെ രാവിലെ എത്തിയ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി രണ്ട് മണിയോടെ വാഹനങ്ങളിൽ ബൂത്തുകളിലേയ്ക്ക് പുറപ്പെട്ടു. പോളിംഗ് ബൂത്തുകളിൽ റിട്ടേണിംഗ് ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പകരം പരിശീലനം ലഭിച്ച മുപ്പതോളം ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീ സൗഹൃദ ബൂത്തായ നിർമ്മലാ ജൂനിയർ സ്‌കൂളിലെ അമ്പതാം ബൂത്തിൽ വനിതാ ഉദ്യോഗസ്ഥരും പൂർണ സജ്ജരാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് വാഴത്തോപ്പ് മുളകുവള്ളി അംഗൻവാടിയിൽ 88ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും. തുടർന്ന് പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോർജ് എൽപി സ്‌കൂളിലെ 80ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. തുടർന്ന് മണ്ഡലത്തിൽ ബൂത്ത് സന്ദർശനം നടത്തും. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ തൃശൂർ വടുക്കര ഗുരു വിജയം എൽ.പി.സ്ക്കൂളിലെ169-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. അതിനു ശേഷം ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ബൂത്തുകളിലെത്തും.

മാത്യു കുഴൽനാടൻ എം.എൽ. എ പൈങ്ങോട്ടർ ആയങ്കര അംഗൻ വാടിയിലെ78-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ബാബുപോൾ എന്നിവർ തൃക്കളത്തൂർ ഗവ. എൽ.പി.ജി സ്‌കൂളിലും മുൻ എം.പി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ഗവ. ടൗൺ യു.പി സ്‌കൂളിലും, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിലും, മുൻ എം.എൽ.എ ജോണി നെല്ലൂർ ഗവ. മോഡൽ ഹൈസ്‌കൂളിലും, ജോസഫ് വാഴയ്ക്കൻ നിർമ്മല ജൂനിയർ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.