തൃപ്പൂണിത്തുറ: കടുത്ത വേനൽ ചൂടിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തണ്ണീർപ്പന്തലൊരുക്കി പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ്. പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസിലെ മൂന്ന് പോളിംഗ് ബൂത്തുകൾക്ക് മുമ്പിലാണ് കോളേജിലെ ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ കുടിവെള്ളവും മോരും നൽകുന്ന തണ്ണീർപന്തലുള്ളത്. വോട്ടെടുപ്പ് ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതുവരെ പ്രവർത്തിക്കും. വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷിക്കാരെയും മുതിർന്ന പൗരന്മാരെയും സഹായിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. കെ.പി.എം എച്ച്.എസ്.എസിലെ ഏക പിങ്ക് ബൂത്തായ 124-ാം നമ്പർ ബൂത്ത് വനിതാ സൗഹൃദ ബൂത്തായി സജ്ജീകരിച്ചിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.